പുറത്തായതിന് പിന്നാലെയുള്ള രോഷപ്രകടനം, വെയ്ഡിന് എതിരെ നടപടി

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെ വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ഡഗൗട്ടില്‍ പ്രതിഷേധിച്ച ഗുജറാത്ത് താരം മാത്യു വെയ്ഡിന് എതിരെ നടപടി. ഹെല്‍മറ്റ് ചുമരിലേക്ക് എറിഞ്ഞതും ബാറ്റ് നിലത്ത് അടിച്ചതും ഉള്‍പ്പെടെയുള്ള മോശം പെരുമാറ്റത്തിനാണ് താരത്തിന് താക്കീത് നല്‍കിയത്.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5ല്‍ വരുന്ന ലെവല്‍ 1 കുറ്റമാണ് വെയ്ഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. വെയ്ഡ് കുറ്റം സമ്മതിക്കുകയും ചെയ്തു. ലെവല്‍ 1 കുറ്റങ്ങളില്‍ മാച്ച് റഫറിയുടെ തീരുമാനമായിരിക്കും അന്തിമം.

മത്സരത്തിന്റെ ആറാം ഓവറിലാണ് നാടകീയ സംഭവം നടന്നത്. ഗ്ലെന്‍ മാക്‌സ്വെല്‍ എറിഞ്ഞ ഓവറിന്റെ രണ്ടാം പന്തില്‍ മാത്യു വെയ്ഡ് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. മാക്‌സ്വെല്ലിന്റെ ഔട്ട്‌സൈഡ് ഓഫ് സ്റ്റംപ് പന്തില്‍ വേഡ് സ്വീപ് ഷോട്ടിന് ശ്രമിച്ചെങ്കിലും കൃത്യമായി കണക്ട് ചെയ്യാനാവാതെ പന്ത് വെയ്ഡിന്റെ പാഡില്‍ തട്ടി. ആര്‍സിബിയുടെ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിളിച്ചതോടെ മാത്യു വെയ്ഡ് ഡിആര്‍എസ് എടുത്തു. റീപ്ലേയില്‍ പന്ത് പാഡില്‍ തട്ടുന്നതിന് മുമ്പ് ബാറ്റില്‍ ഉരസിയതായി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ബാറ്റില്‍ തട്ടാതെ പന്ത് പാഡില്‍ കൊള്ളുന്നതായാണ് തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ വ്യക്തമായത്. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം തേര്‍ഡ് അമ്പയറും ശരിവെച്ചു. ഇത് വെയ്ഡിനെ തീര്‍ത്തും നിരാശനാക്കി.

Read more

അമ്പയറുടെ തീരുമാനം ഒട്ടും അംഗീകരിക്കാനാവാത്ത അവസ്ഥയിലിരുന്ന വെയ്ഡ് മൈതാനം വിട്ടത്. ഡ്രസിംഗ് റൂമിലേക്കെത്തിയ ഉടന്‍ വെയ്ഡ് തന്റെ ഹെല്‍മറ്റ് വലിച്ചെറിഞ്ഞു. പിന്നീട് ബാറ്റ് നിലത്തും കിറ്റ് ബാഗിലും ആഞ്ഞടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.