മുംബൈ ഇന്ത്യൻസിൻ്റെ ഇംഗ്ലണ്ട് പേസർ ടൈമൽ മിൽസ് ഐപിഎലിൽ നിന്ന് പരുക്കേറ്റ് പുറത്തായ വാർത്ത വന്നത് ഇന്നലെയാണ്. താരത്തിന് പകരം ദക്ഷിണാഫ്രിക്കൻ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ താരത്തിന് പരിക്ക് ഉണ്ടോ അതോ മുംബൈ താരത്തെ ഒഴിവാക്കാനായി ചെയ്തത് ആണോ എന്നതാണ് ഉയരുന്ന ചോദ്യം . ഈ വിവാദത്തിന് കാരണം മിൽസ് രണ്ടാഴ്ച മുമ്പ് ഇട്ട ഒരു ട്വീറ്റാണ്.
കഴിഞ്ഞ മാസം 21ന് ഡോ. ക്രിക് പോയിൻ്റ് എന്ന ട്വിറ്റർ ഹാൻഡിൽ പരുക്ക് കാരണം ടൈമൽ മിൽസ് ഐപിഎലിൽ നിന്ന് പുറത്തായേക്കും എന്ന് ട്വീറ്റ് ചെയ്തു. ഇതിന് മിൽസ് നൽകിയ മറുപടിയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ‘നിങ്ങൾക്ക് ഈ വിവരം എവിടെ നിന്ന് ലഭിച്ചു എന്ന് എനിക്കറിയില്ല. പക്ഷേ, നിങ്ങൾക്ക് തെറ്റി. എനിക്ക് ഒരു കുഴപ്പവുമില്ല. ദയവായി ഈ പോസ്റ്റ് നീക്കം ചെയ്യണം.”- മിൽസ് കുറിച്ചു. അങ്ങനെ കുറിച്ച മിൽസ് കുറച്ച് നേരത്തിനുള്ളിൽ തന്റെ പോസ്റ്റ് നീക്കം ചെയ്തു.
ഇതിന്റെ കാരണത്തെ എന്താണെന്നാണ് ആരാധകർ അന്വേഷിക്കുന്നത്. തങ്ങൾക്ക് പ്രത്യേകിച്ച് ഈ സീസണിൽ ഗുണം ഒന്നും ചെയ്യാത്ത താരത്തെ മുംബൈ മനഃപൂർവം ഒഴിവാക്കി എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. മുംബൈ നിർബന്ധം കാരണമാണ് പോസ്റ്റ് നീക്കം ചെയ്തത് എന്നും പറയുന്നു.
കഴിഞ്ഞ മാസം 16ന് ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് ടൈമൽ മിൽസ് അവസാനമായി കളിച്ചത്. പിന്നീട് താരം മുംബൈക്കായി കളത്തിലിറങ്ങിയിട്ടില്ല. എന്തായാലും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർക്ക് വിവാദം ഒഴിഞ്ഞിട്ട് ഒന്നിനും നേരമില്ല എന്ന് തന്നെ പറയാം.