ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും പൃഥ്വി ഷായോട് താല്‍പ്പര്യം കാണിക്കാത്തത് മുഹമ്മദ് കൈഫിനെ അത്ഭുതപ്പെടുത്തി. താരത്തെ കൈഫ് പരിഹസിച്ചു. ഒരു കാലത്ത് രണ്ടാം വീരേന്ദര്‍ സേവാഗ് എന്ന് വിളിക്കപ്പെട്ടിരുന്ന ഷായുടെ വില 75 ലക്ഷം രൂപയില്‍ നിലനിര്‍ത്തിയിട്ടും ഒരു ടീമും താത്പര്യം കാണിച്ചില്ല.
ഒരു ടീമും തന്നെ വാങ്ങാന്‍ താത്പര്യം കാണിക്കാത്തതില്‍ യുവ ബാറ്റര്‍ ലജ്ജിക്കണമെന്ന് ജിയോ സിനിമയില്‍ സംസാരിക്കവെ കൈഫ് പരാമര്‍ശിച്ചു. തിരഞ്ഞെടുക്കപ്പെടാത്തതില്‍ പരാതിപ്പെടാന്‍ ഷായ്ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പൃഥ്വി ഷായെ പിന്തുണച്ചെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും കൈഫ് വെളിപ്പെടുത്തി.
സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാണുമെന്ന പ്രതീക്ഷയോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് അദ്ദേഹത്തെ പിന്തുണച്ചത്. ഒരു ഓവറില്‍ 6 ബൗണ്ടറികള്‍ അടിക്കാനുള്ള കഴിവുണ്ട്. അദ്ദേഹം റണ്‍സ് നേടിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ജയിക്കുമെന്ന് ഞങ്ങള്‍ കരുതി. തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് ധാരാളം അവസരങ്ങള്‍ ലഭിച്ചു.
ഫാഞ്ചൈസികള്‍ അദ്ദേഹത്തിന് 75 ലക്ഷം രൂപ ലേലം പോലും നല്കാന് തയ്യാറാകാത്തത് അദ്ദേഹത്തിന് വലിയ നാണക്കേടാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തി റണ്‍സ് നേടണം. നിരവധി റണ്‍സ് നേടിയതിന് ശേഷമാണ് സര്‍ഫറാസ് ഖാന് ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചത്- കൈഫ് കൂട്ടിച്ചേര്‍ത്തു