ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗാവസ്‌കർ ആദ്യ മത്സരത്തിൽ എഴുത്തുകൾ ഉൾപ്പെടുന്ന ഇന്ത്യൻ പതാകകൾ ഉയർത്തിപ്പിടിച്ചതിന് പ്രശസ്ത ഫാൻ ഗ്രൂപ്പായ ‘ഭാരത് ആർമി’യെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ. ഇന്ത്യയുടെ ഏതൊരു മത്സരം നടന്നാലും അവിടെ എല്ലാം സ്ഥിരം സാന്നിധ്യമായ ഭാരത് ആർമി ഇന്ത്യക്ക് വലിയ പിന്തുണ ലോകത്തെവിടെ കളത്തിൽ ഇറങ്ങിയാലും നൽകിയിട്ടുണ്ട്.
2024-25 ലെ ആദ്യ ബോർഡർ-ഗവാസ്‌കർ പരമ്പര ടെസ്റ്റിൻ്റെ ആദ്യ രണ്ട് ദിവസങ്ങളിൽ പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിലെ റെക്കോർഡ് ജനക്കൂട്ടത്തിനിടയിൽ ആർമിയും ഉണ്ടായിരുന്നു. ആഘോഷത്തിനിടയിൽ കൈകളിൽ ഉള്ള ത്രിവർണ പതാകയിൽ അവർ തങ്ങളുടെ ആർമിയുടെ പേര് എഴുതിയിട്ടുണ്ട്. അശോക ചക്ര’യിൽ, മധ്യഭാഗത്തും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പതാകയിൽ നിന്ന് ഉടനടി പദങ്ങൾ നീക്കം ചെയ്യണം എന്നുംഅനാവശ്യ മാറ്റങ്ങൾ ഒഴിവാക്കണം എന്നും ഉള്ള ആവശ്യം പറഞ്ഞിരിക്കുകയാണ് സുനിൽ ഗവാസ്‌ക്കർ ഇപ്പോൾ.
“ഇന്ത്യയിൽ ഇത് അംഗീകരിക്കപ്പെടുന്നില്ലെന്ന് എനിക്കറിയാം. ഇവർ ശരിക്കും ഇന്ത്യക്കാരാണെന്ന് തോന്നുന്നില്ല. ഇവരിൽ എത്രപേർക്ക് ഇന്ത്യൻ പാസ്‌പോർട്ടുകൾ ഉണ്ടെന്ന് എനിക്ക് തീർച്ചയില്ല, അതിനാൽ അവർക്ക് ഇന്ത്യൻ പതാകയുടെ മൂല്യവും പ്രസക്തിയും പ്രാധാന്യവും മനസ്സിലാകില്ല.” ഇതിഹാസം പറഞ്ഞു.
“ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കുന്നിടത്തെല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അവർ നൽകുന്ന പിന്തുണയ്ക്ക് ഞാൻ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും വളരെ നന്ദിയുള്ളവരാണ്. എന്നാൽ ഇന്ത്യയുടെ പതാകയിൽ അവരുടെ ഗ്രൂപ്പിൻ്റെ പേര് ഉണ്ടാകരുതെന്ന് ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടേതായ ഒരു പുതിയ പതാക രൂപകൽപ്പന ചെയ്യുക. നിങ്ങൾ സ്വന്തമായി ഒരു പുതിയ പതാക രൂപകൽപന ചെയ്യുകയാണെങ്കിൽ, ഞാൻ അത് വളരെ സന്തോഷത്തോടെ കൈയിൽ പിടിക്കും ”അദ്ദേഹം കൂട്ടിച്ചേർത്തു.
1999-ൽ മാഞ്ചസ്റ്ററിലാണ് ഭാരത് ആർമി സ്ഥാപിതമായത്. തുടക്കത്തിൽ വെറും നാല് സ്ഥാപക അംഗങ്ങളുമായി ആരംഭിച്ച ഗ്രൂപ്പ് ലോകമെമ്പാടുമുള്ള 160,000-ശക്തമായ സംഘമായി വികസിച്ചു.