'പർവതത്തിൻ്റെ സംരക്ഷകർ' മുതൽ 'പച്ചകുത്തിയ വൈദ്യന്മാർ' വരെ; ഇന്ത്യയിലെ അപൂർവ ഗോത്രങ്ങൾ

വ്യത്യസ്തമായ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യമാണ് ഇന്ത്യ. രാജ്യത്തുടനീളമുള്ള ആളുകൾ ഉത്സവങ്ങൾ മുതൽ ദൈനംദിന ആചാരങ്ങൾ വരെ ഉൾപ്പെടുന്ന അവരുടെ സമ്പന്നമായ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന രീതികൾ പിന്തുടരുന്നത് ഇന്നും തുടർന്ന് വരുന്നു. ഇന്ത്യയിലെ ഏറ്റവും സവിശേഷമായ അഞ്ച് ഗോത്രങ്ങളെ പരിചയപ്പെടാം. ഓരോ ഗോത്രങ്ങൾക്കും മനോഹരമായി സംരക്ഷിച്ചിരിക്കുന്ന സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും വ്യത്യസ്തമായ ജീവിത രീതികളുമാണ് ഉള്ളത്.

സിദ്ധി ഗോത്രം : സിദ്ധി ഗോത്രം ‘ഇന്ത്യയുടെ ആഫ്രോ-ഇന്ത്യൻ സമൂഹം’ എന്നും അറിയപ്പെടുന്നു. ആഫ്രിക്കയിൽ നിന്നുള്ളവരാണ് സിദ്ധി ഗോത്രക്കാർ. വളരെക്കാലം മുമ്പ് പോർച്ചുഗീസ് വ്യാപാരികൾ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതായാണ് വിശ്വസിക്കപ്പെടുന്നത്. പ്രധാനമായും ഗുജറാത്തിലാണ് ഇക്കൂട്ടർ താമസിക്കുന്നത്. ആഫ്രിക്കൻ പാരമ്പര്യങ്ങളെ ഇന്ത്യൻ സംസ്കാരവുമായി കൂട്ടിയിണക്കിയാണ് ഇവരുടെ ജീവിതം. ആഫ്രിക്കൻ, ഇന്ത്യൻ ശൈലികൾ സമന്വയിപ്പിക്കുന്ന സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും അവർ തങ്ങളുടെ തനതായ സംസ്കാരം മനോഹരമായി ആഘോഷിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു. ആഫ്രിക്കൻ, പ്രാദേശിക ഇന്ത്യൻ ഭാഷകളും ഇവർ സംസാരിക്കുന്നു.

ബൈഗ ഗോത്രം: ‘പച്ചകുത്തിയ വൈദ്യന്മാർ’ എന്ന പേരിലും ബൈഗ ഗോത്രം അറിയപ്പെടുന്നു. സാധാരണയായി മധ്യപ്രദേശിലെ വനങ്ങളിലാണ് ബൈഗ ഗോത്രം താമസിക്കുന്നത്. തനതായ ടാറ്റൂകൾക്ക് പേരുകേട്ടതാണ് ഈ ഗോത്രം. ഈ ടാറ്റൂകൾ കേവലം സൗന്ദര്യശാസ്ത്രത്തേക്കാൾ വളരെ മുകളിലാണ് എന്നാണ് ഇവരുടെ വിശ്വാസം. അവയ്ക്ക് പ്രത്യേക അർത്ഥങ്ങളുണ്ട്. കൂടാതെ ജനനം, വിവാഹം തുടങ്ങി ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുടെ ഭാഗം കൂടിയാണ് ടാറ്റൂ. ആളുകളെ സുഖപ്പെടുത്താൻ കാട്ടിൽ നിന്നുള്ള സസ്യങ്ങളും ഔഷധങ്ങളും ഉപയോഗിക്കുന്നതിലും ബൈഗ ആളുകൾ പ്രശസ്തരാണ്. ഈ കാരണത്താൽ ഇവരെ പരമ്പരാഗത വൈദ്യന്മാരായി ബഹുമാനിക്കുകയും ചെയ്തു വരുന്നു.

ഡോംഗ്രിയ കോണ്ട് ഗോത്രം: ‘പവിത്രമായ പർവതത്തിൻ്റെ സംരക്ഷകർ’ എന്ന് അറിയപ്പെടുന്ന ഡോംഗ്രിയ കോണ്ട് ഗോത്രം ഒഡീഷയിലെ കുന്നുകളിലാണ് താമസിക്കുന്നത്. നിയംഗിരി പർവതത്തെ പവിത്രമായാണ് ഇവർ കാണുന്നത്. അതിനാൽ അവർ നിയംഗിരി പർവതത്തിൽ നെല്ല്, തിന തുടങ്ങിയ വിളകൾ വളർത്തുകയും അതിനെ വിശുദ്ധമായി കണക്കാകുകയും ചെയ്യുന്നു. തങ്ങളുടെ പവിത്രമായ പർവതത്തെ സംരക്ഷിക്കാൻ വേണ്ടി ഭൂമി കുഴിക്കാൻ തയാറെടുത്തിരുന്ന ഖനന കമ്പനികൾക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ പേരിൽ ഡോംഗ്രിയ കോണ്ട് ഗോത്രം ജനപ്രിയമായി മാറിയിരുന്നു.

സെൻ്റിനലീസ് ഗോത്രം: ‘ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആളുകൾ’ എന്ന നിലയിൽ പ്രശസ്തമാണ് സെൻ്റിനലീസ് ഗോത്രം. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഗോത്രങ്ങളിൽ ഒന്നാണ് സെൻ്റിനലീസ്. ആൻഡമാൻ ദ്വീപുകളിലെ നോർത്ത് സെൻ്റിനൽ ദ്വീപിൽ താമസിക്കുന്ന അവർ ആയിരക്കണക്കിന് വർഷങ്ങളായി പുറം ലോകത്തിൽ നിന്ന് അകന്നാണ് ജീവിക്കുന്നത്. കാട്ടിൽ വേട്ടയാടുകയും മീൻ പിടിക്കുകയും ഭക്ഷണം ശേഖരിക്കുകയും ചെയ്താണ് ഇവർ ജീവിച്ചു പോരുന്നത്. പുറത്തു നിന്നുള്ളവരിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ദ്വീപ് ഇവിടെ പുറത്തു നിന്നുള്ളവർക്കായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

ചോലനായ്ക്കൻ ഗോത്രം : കേരളത്തിലെ കാടുകളിലെ ഗുഹകളിലാണ് ചോലനായ്ക്കർ അഥവാ ചോലനായ്ക്കൻ ഗോത്രം താമസിക്കുന്നത്. ഇന്ത്യയിലെ ‘അവസാന ഗുഹാവാസികൾ’ എന്നും ഇവരെ വിളിക്കാറുണ്ട്. കാട്ടിൽ വേട്ടയാടുകയും ഭക്ഷണം ശേഖരിക്കുകയും ചെയ്യുന്ന ഇവർ ലളിതജീവിതം നയിക്കുന്നവരാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രകൃതിയുമായി ബന്ധം നിലനിർത്താൻ അവർ ആത്മീയ പാരമ്പര്യങ്ങളും പിന്തുടരുന്നു. ഇവരെ ആധുനിക ജീവിതത്തിലേക്ക് കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും അവർ എപ്പോഴും ഇപ്പോഴുള്ളതുപോലെ പോലെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.

Read more