രോഹിത്തിനെ ആരും മൈൻഡ് പോലും ആക്കുന്നില്ല, ഹൈപ്പ് മുഴുവൻ കോഹ്‌ലിക്ക് മാത്രം; കാരണങ്ങൾ നികത്തി ആകാശ് ചോപ്ര

ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25-ന് മുന്നോടിയായി വിരാട് കോഹ്‌ലിയെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പ് ഓസ്‌ട്രേലിയയിലെ അദ്ദേഹത്തിൻ്റെ മികച്ച ടെസ്റ്റ് പ്രകടനത്തിൻ്റെ കാരണമാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റിൽ അത്ര മികവ് കാണിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും, നവംബർ 22 ന് പെർത്തിൽ ആദ്യ മത്സരം നടക്കും. പരമ്പരയ്ക്ക് മുന്നോടിയായി കോഹ്‌ലിയെ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ വാഴ്ത്തിയിരുന്നു. ഓസ്‌ട്രേലിയൻ നായകനുമായി ചേർന്നുള്ള ചിത്രങ്ങളിൽ എല്ലാം കോഹ്‌ലിയുടെ മുഖമാണ് കാണാൻ സാധിക്കുന്നത്. രോഹിത്തിന്റെ ചിത്രത്തിന് പകരം എന്തിനാണ് കോഹ്‌ലിയുടെ ചിത്രം ഉപയോഗിക്കുന്നത് എന്നൊരു ചോദ്യം ഉണ്ടായിരുന്നു,

തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കിട്ട ഒരു വീഡിയോയിൽ, മുൻ ഇന്ത്യൻ ഓപ്പണർ, ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഹോം സാഹചര്യങ്ങളിൽ തൻ്റെ ആധിപത്യമാണ് കോഹ്‌ലിയുടെ ഹൈപ്പിന് കാരണമെന്ന് പറഞ്ഞു.

“എന്തുകൊണ്ടാണ് വിരാട് കോഹ്‌ലിക്ക് ഇത്ര ഹൈപ്പ് ? ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നിങ്ങൾക്ക് ബഹുമാനം ലഭിക്കണമെങ്കിൽ ടെസ്റ്റാണ് അതിന് ആവശ്യമുള്ള ഫോർമാറ്റ്. നിങ്ങൾ വൈറ്റ്-ബോൾ ക്രിക്കറ്റിൽ എത്ര നന്നായി കളിച്ചാലും നിങ്ങൾക്ക് അത്രയും ബഹുമാനം ലഭിക്കില്ല. കോഹ്‌ലി ഈ കാലഘട്ടത്തിൽ അത്രമാത്രം മികവാണ് ടെസ്റ്റിൽ പുലർത്തിയത്.” അദ്ദേഹം പറഞ്ഞു.

“വിരാട് കോഹ്‌ലി അങ്ങോട്ട് ബഹുമാനം ആവശ്യപ്പെടുന്നില്ല. എന്നാൽ അവന് ബഹുമാനം കിട്ടുന്നു. എന്നിരുന്നാലും, രോഹിത് ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര മുഴുവൻ കളിച്ചിട്ടില്ല. ഇത്തവണയും പരമ്പര മുഴുവൻ കളിച്ചേക്കില്ല, രോഹിത് ശർമ്മ ഇതുവരെ ആ പദവി നേടിയിട്ടില്ല,” ചോപ്ര കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിൽ 25 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് 54.08 ശരാശരിയിൽ ആറ് സെഞ്ച്വറികൾ ഉൾപ്പെടെ 1,352 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. രോഹിതാകട്ടെ, 14 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് 31.38 ശരാശരിയിൽ സെഞ്ചുറികളൊന്നും കൂടാതെ 408 റൺസ് നേടിയിട്ടുണ്ട്.