ഫ്രാഞ്ചൈസി ക്രിക്കറ്റിനു അധിക പ്രാധാന്യം കൊടുക്കാതെ ഒന്നിച്ചു നിന്നാല്‍ കുട്ടി ക്രിക്കറ്റില്‍ ഇവരോളം വരില്ല മറ്റൊരു ടീമും

80 കളിലേ വിവിയന്‍ റിച്ചാര്‍ഡ്സ് യുഗത്തിനും അതിന് ശേഷം വന്ന ബ്രയാന്‍ ലാറ യുഗത്തിനും ശേഷം നിറം മങ്ങി തുടങ്ങിയ വിന്‍ഡീസ് എന്നത് ഒരിയ്ക്കലും സുഖമുള്ള ഒരു കാഴ്ച അല്ലായിരുന്നു.. ലോങ്ങര്‍ ഫോര്‍മാറ്റിലേ തങ്ങളുടെ നിലവാരത്തകര്‍ച്ചയെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ അപ്രമാധിത്യം കൊണ്ട് മറച്ചു പിടിച്ചു കൊണ്ട് 2 T20 വേള്‍ഡ് കപ്പ് കിരീടം തങ്ങളുടെ ഷെല്‍ഫില്‍ എത്തിച്ചു..

വന്യമായ വേഗവും കൃത്യമായ ലൈനും ഒരല്‍പം അഗ്രഷനുമായി വിന്‍ഡീസ് പേസ് ഫാക്ടറി ഉത്പാദിപ്പിച്ചു വിട്ടുകൊണ്ടിരുന്ന പന്തേറുകാരുടെ നിലവാരം കുറഞ്ഞു തുടങ്ങിയപ്പോള്‍ അവര്‍ മറ്റൊരു കൂട്ടരെ വാര്‍ത്തെടുക്കാന്‍ തുടങ്ങി.. കണ്ണും പൂട്ടി അടിയ്ക്കുന്നവരെ അല്ല.., അടിച്ചു തുടങ്ങിയാല്‍ എതിരില്‍ വരുന്നവരെ കൊന്ന് കൊലവിളിച്ച് ആ മൈതാന മധ്യത്തില്‍ കുഴി കുത്തി മൂടുന്ന ഒരു പറ്റം കരുതരെ.. കിറോണ്‍ പൊള്ളാര്‍ഡ് – ക്രിസ് ഗെയില്‍ – ആന്ദ്രേ റസല്‍.. ലോകം മുഴുവന്‍ പറന്നു നടന്ന് ഫ്രാന്‍ഞ്ചൈസി ക്രിക്കറ്റില്‍ ഇവര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊടുംകാറ്റ് വിതച്ചു.. ഇവര്‍ തുടങ്ങിവെച്ച അബ്‌സല്യൂട് സ്ലോട്ടറിങ് ബാറ്റിംഗ് വന്യതയുടെ ഇന്നത്തെ അവതാരമാണ് കെയില്‍ മയേഴ്‌സ് എന്ന ബാര്‍ബഡോസുകാരന്‍…

കോടികളുടെ കിലുക്കമില്ലതെ LSG സ്‌ക്വാഡില്‍ എത്തുകയും, ഡികോക്ക് അവേലിബില്‍ അല്ലാത്തതുകൊണ്ട് മാത്രം പ്ലെയിങ് XI ല്‍ വരുകയും ചെയ്ത മയേഴ്‌സ് ആണ് ഇന്ന് LSG ബാറ്റിംഗിനെ കൈപിടിച്ച് നടത്തുന്നത്.. ഡെല്‍ഹിയ്ക്കെതിരെ തന്റെ ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ 5 പന്തും ഡോട്ട് ആക്കി കൊണ്ട് മയേഴ്‌സ് ആരംഭിച്ചു.. നായകന്‍ രാഹുല്‍ തുടക്കത്തില്‍ പതറിയപ്പോള്‍ മയേഴ്‌സ് പേരുകേട്ട വിന്‍ഡീസ് പ്രതാപത്തിന്റ അവകാശിയായി മാറികൊണ്ട് അടല്‍ ബിഹാരി സ്റ്റേഡിയത്തില്‍ ഡല്‍ഹിയെ പിച്ചി ചീന്തി കൊണ്ട് കൊടുങ്കാറ്റ് ആയി മാറി..

ടീം സ്‌കോര്‍ 100 ല്‍ മൂന്നാമനായി പുറത്താവുമ്പോള്‍ 38 ബോളില്‍ 73 റണ്‍സ്.. വരാനിരിയ്ക്കുന്നതിന്റ സൂചന മാത്രമായിരുന്നു ആ ഇന്നിഗ്‌സ്. അടുത്ത ആട്ടം സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെപ്പോക് കോട്ടയില്‍.. 218 എന്ന അബോവ് പാര്‍ സ്‌കോറിലേക്ക് ലക്ഷ്യം വെച്ച LSG യ്ക്ക് വേണ്ടി ബ്ലിസ്റ്ററിങ് സ്റ്റാര്‍ട്ട്.. മാഹിയുടെ തന്ത്രങ്ങള്‍ക്ക് പോലും പിടി കൊടുക്കാതെ മിന്നല്‍ പോലൊരു തുടക്കം.. ചെപ്പോക്കിലെ ഷോര്‍ട്ടര്‍ ബൗണ്ടറിയേ മുതലെടുത്തു കൊണ്ടുള്ള ഒരു അഴിഞ്ഞാട്ടം..

കൂറ്റന്‍ സ്‌കോര്‍ എത്തിപ്പിടിയ്ക്കാനുള്ള LSG യുടെ കുതിപ്പിനു വേണ്ടിയുള്ള ലോഞ്ചിങ് ഫ്യൂല്‍ എന്ന് പറയാവുന്ന ഇന്നിംഗ്‌സ്.. ബുദ്ധികൊണ്ട് കളി തിരിച്ചു പിടിയ്ക്കുന്ന ധോണിയേയും , ആര്‍ത്തുവിളിയ്ക്കുന്ന പതിനായിരക്കണക്കിന് എല്ലോ ആര്‍മിയേം വെല്ലുവിളിച്ചുകൊണ്ട് 12 റണ്‍സ് പിന്നില്‍ വരെ LSG എത്തിയെങ്കില്‍ ആ വീരോചിത പോരാട്ടത്തില്‍ ഒന്നാം പേരുകാരനാണ് കെയില്‍ മയേഴ്‌സ് ..

വൈകി മാത്രം ലഭിച്ച അവസരങ്ങള്‍ സകല ഫോമാറ്റിലും മുതലെടുത്തുകൊണ്ട് വിന്‍ഡീസ് ക്രിക്കറ്റ് ചരിത്രത്തില്‍ സ്വന്തം പേര് ഏഴുതി ചേര്‍ക്കുകയാണ് മയേഴ്‌സ്.. ഫ്രാഞ്ചൈസി ക്രിക്കറ്റിനു അധിക പ്രാധാന്യം കൊടുക്കാതെ ഒന്നിച്ചു നിന്നാല്‍ കുട്ടി ക്രിക്കറ്റില്‍ ഇവരോളം വരില്ല ഒരു ടീമും..

എഴുത്ത്: ഷിയാസ് കെ.എസ്

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍