ബുംറയോ ഷമിയോ അല്ല!, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളറെ തിരഞ്ഞെടുത്ത് അമ്പാട്ടി റായിഡു

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളറെ തിരഞ്ഞെടുത്തു ഇന്ത്യന്‍ മുന്‍ താരം അമ്പാട്ടി റായിഡു. നിലവിലെ മികച്ച പേസര്‍മാരായ ജസ്പ്രീത് ബുംറയെയും മുഹമ്മദ് ഷമിയെയും അവഗണിച്ച റായിഡു സഹീര്‍ ഖാനെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറായി തിരഞ്ഞെടുത്തു. ഇന്ത്യക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളും കളിച്ച സഹീര്‍ യഥാക്രമം 311, 282, 17 വിക്കറ്റുകള്‍ വീഴ്ത്തി.

മികച്ച സ്പിന്നര്‍ക്കായി അനില്‍ കുംബ്ലെയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബോളറാണ് കുംബ്ലെ. ഇന്ത്യയുടെ മുഖ്യ പരിശീലകനായും സേവനമനുഷ്ഠിച്ച മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റുകളം 271 ഏകദിനങ്ങളില്‍ നിന്ന് 337 വിക്കറ്റുകളും നേടിയിട്ടുണ്ട്.

എക്കാലത്തെയും മികച്ച ബാറ്ററിനെക്കുറിച്ച് ചോദിച്ചപ്പോള്‍, റായിഡു ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ്മ, എംഎസ് ധോണി എന്നിവരെ മറികടന്ന് വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു. ഇന്ത്യയ്ക്കായും ഐപിഎല്ലിലും കളിക്കുന്ന സമയത്ത് റായിഡു നാലുപേര്‍ക്കുമൊപ്പം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എംഎസ് ധോണിയാണ്.

2011ലെ ഏകദിന ലോകകപ്പിലും 2007ല്‍ ടി20 ലോകകപ്പിലും ഇന്ത്യയെ ധോണി നയിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ മൂന്ന് ഐസിസി വൈറ്റ് ബോള്‍ ട്രോഫികളും നേടിയ ലോകത്തിലെ ഏക ക്യാപ്റ്റനാണ് അദ്ദേഹം. ധോണിയുടെ നേതൃത്വത്തില്‍ 2015 ഏകദിന ലോകകപ്പ് ഇന്ത്യയ്ക്കായി റായിഡു കളിച്ചു, തുടര്‍ന്ന് ധോണിയുടെ കീഴില്‍ 2018, 2021, 2023 വര്‍ഷങ്ങളില്‍ സിഎസ്‌കെയ്ക്കൊപ്പം മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടി.

Read more

ഈ വര്‍ഷം ഐപിഎല്ലില്‍ രോഹിതിനെ മുംബൈയുടെ ക്യാപ്റ്റനായി നിലനിര്‍ത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എംഐയുമായുള്ള തന്റെ കാലാവധി അവസാനിച്ചതിന് ശേഷം രോഹിത്തിനെ സിഎസ്‌കെയുടെ നിറത്തില്‍ കാണാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.