ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര: ആ താരം സ്വയം ലഭ്യമാക്കിയേക്കും, രണ്ട് സൂപ്പര്‍ താരങ്ങളുടെ കാര്യത്തില്‍ വിവരമില്ല

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മ തന്നെ നായകനായേക്കും. രോഹിത് പരമ്പരയില്‍ കളിക്കാന്‍ വിശ്രമം അവസാനിപ്പിച്ച് തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി20 ലോകകപ്പിന് ശേഷം, വിശ്രമത്തിലുള്ള രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും നീണ്ട ഇടവേള എടുത്ത് വര്‍ഷാവസാനം ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ മുതിര്‍ന്ന കളിക്കാരെ വേണമെന്ന് പുതിയ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടു.

പാകിസ്ഥാനില്‍ നടക്കുന്ന മെഗാ ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യ ആറ് ഏകദിന മത്സരങ്ങള്‍ മാത്രമേ ഇന്ത്യ കളിക്കൂ. അതിനാല്‍ സീനിയര്‍ താരങ്ങളെ കളിപ്പിക്കണമെന്ന് ഗംഭീര്‍ ആഗ്രഹിക്കുന്നു. സ്ഥിതിഗതികള്‍ അനുസരിച്ച്, രോഹിത് പരമ്പരയില്‍ സ്വയം ലഭ്യമാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കോഹ്ലിയും ബുംറയും ഇടവേളയില്‍ തുടര്‍ന്നേക്കും. ഇന്ത്യന്‍ നായകന്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം യുഎസിലാണ്.

രോഹിത് കളിക്കുകയാണെങ്കില്‍, അദ്ദേഹം ടീമിനെ നയിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ മറിച്ചാണെങ്കില്‍, സീനിയര്‍ താരം കെഎല്‍ രാഹുലാണ് നായകനായി തിരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും യോഗ്യന്‍. മറുവശത്ത് ശ്രേയസ് അയ്യരും ഋഷഭ് പന്തും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഹാര്‍ദിക് പാണ്ഡ്യ ഏകദിന പരമ്പര ഒഴിവാക്കുമെന്നാണ് അറിയുന്നത്.

അതേസമയം, ഹാര്‍ദ്ദിക്കിനെ മറികടന്ന് ടി20യില്‍ സൂര്യകുമാര്‍ യാദവിനെ സെലക്ഷന്‍ കമ്മിറ്റി ക്യാപ്റ്റനായി നിയമിച്ചേക്കും. ഹാര്‍ദ്ദിക്കിന്റെ ഫിറ്റ്നസില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. എന്നിരുന്നാലും, ക്യാപ്റ്റനെന്ന നിലയിലുള്ള പാണ്ഡ്യയുടെ അനുഭവവും വിലമതിക്കുന്നതിനാല്‍ തീരുമാനം ഇതുവരെ അന്തിമമായിട്ടില്ല. ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ടീമിനെ അന്തിമമാക്കാന്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇരിക്കുമ്പോള്‍ അന്തിമ തീരുമാനം സ്വീകരിക്കും.