അഫ്ഗാന്‍ പാറക്കെട്ടുകള്‍ക്കിടയില്‍ വീണു പോയ വിത്ത്, ഈ വളര്‍ച്ച അത്യപൂര്‍വ്വം!

നല്ല നിലത്ത് വിതയ്ക്കുന്ന വിത്തുകള്‍ നന്നായി തളിര്‍ത്തു വരാറുണ്ട്.. പക്ഷേ പാറക്കെട്ടുകള്‍ക്കിടയില്‍ വീണു പോകുന്ന വിത്തുകള്‍ കിളിര്‍ത്തു വരുന്നത് അത്യപൂര്‍വ്വമാണ്.. അങ്ങനെ ഉദിച്ചു വരണമെങ്കില്‍, ആ വിത്ത് അത്രത്തോളം ഇച്ഛാശക്തിയുള്ളതായിരിക്കണം. ഇത് പോലൊരു വിത്താണ് അഫ്ഗാന്‍ ക്രിക്കറ്റും.

അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാന്‍ ജനത എന്നും കടന്നു പോയിട്ടുള്ളത്. പക്ഷേ ആ യുദ്ധ വൈരങ്ങളെ അപ്രസക്തമാക്കുന്ന മാനങ്ങളിലേക്ക് അവരുടെ ക്രിക്കറ്റ് വളര്‍ന്നു കഴിഞ്ഞു. ഇന്ന് അതിന്റെ അലകള്‍ അഫ്ഗാന്‍ എന്ന കുഞ്ഞു രാജ്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല.. ഇന്ത്യക്ക് പിന്നില്‍ ഏഷ്യയിലെ രണ്ടാമനായി അവര്‍ മാറുകയാണ്.

അഫ്ഗാനേക്കാള്‍ പ്രിയപ്പെട്ടതും നന്നായി കളിക്കുന്നതുമായ പല ടീമുകളെയും നമുക്കിഷ്ടമാണ്. എന്നാലും എന്തോ ഒരു പ്രത്യേകയിഷ്ടമാണ് അഫ്ഗാന്‍ ക്രിക്കറ്റിനെ. വിശദീകരിക്കാനാവാത്ത ഒരു നൊസ്റ്റാള്‍ജിക് തലം അവരുടെ സംഘത്തെ, നമ്മുടെയുള്ളില്‍ നിറപ്പകിട്ടുള്ളതാക്കുന്നു.

ഇന്നത്തെ മല്‍സരത്തിലേക്ക് വന്നാല്‍ എത്ര ആധികരികവും നിസ്സാരവുമായാണ് അവര്‍ ചെയ്‌സ് ചെയ്തത്. നാലാം പന്തില്‍ നഷ്ടപ്പെട്ട ഗുര്‍ബാസിനെ മാറ്റി നിര്‍ത്തിയാല്‍.. ഇബ്രാഹിം സഡ്രാന്‍, റഹ്‌മത്ത് ഷാ, അസ്മത്തുള്ള എന്നിവര്‍ക്കൊപ്പം മുന്നില്‍ നിന്നു നയിക്കാന്‍ നായകന്‍ ഷഹീദിയും..

ശരിക്കും പറഞ്ഞാല്‍ ആദ്യ നാലു പന്തിനു ശേഷം, ലങ്കന്‍ ബൗളര്‍മാര്‍ കളത്തിലേയില്ലായിരുന്നു.
ശരിക്കും ടോട്ടല്‍ ക്രിക്കറ്റിന്റെ വശ്യ സാന്ദര്യം എന്താണന്ന് അഫ്ഗാന്‍ ക്രിക്കറ്റ് വീണ്ടും കാട്ടിത്തരുന്നു. അടുത്ത 3 മല്‍സരങ്ങളില്‍ രണ്ടണ്ണം ജയിച് ലോകകപ്പ് സെമി എന്ന, ആ വളരെ വലിയ നേട്ടം അഫ്ഗാന്‍ കരസ്ഥമാക്കുമോ എന്ന് നമുക്ക് കാത്തിരിന്നു കാണാം.

എഴുത്ത്: റോണി ജേക്കബ്

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍