ആദ്യം എനിക്ക് ഒരാളെ കാണാനുണ്ട്, അതിന് ശേഷമേയുള്ളു പാകിസ്ഥാനെതിരായ പോരാട്ടം; തുറന്നുപറഞ്ഞ് ബുംറ

ലോകകപ്പില്‍ ശനിയാഴ്ച നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിനായി ഇരുടീമിന്റെയും താരങ്ങള്‍ അഹമ്മദാബാദിലെത്തി. ഇവിടെ തന്റെ ആദ്യത്തെ കാര്യം അമ്മയെ കാണുകയാണ് എന്നതാണെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംമ്ര പറഞ്ഞു. വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായെന്നും അതുകൊണ്ടുതന്നെ അമ്മയെ കാണുകയെന്നതിനാണ് ഇപ്പോള്‍ ആദ്യ പരിഗണനയെന്നും ഇന്നലെ ഇന്ത്യന്‍ ടീമിനൊപ്പം അഹമ്മദാബാദിലെത്തിയ താരം പറഞ്ഞു.

ഞാന്‍ അമ്മയെ കാണാന്‍ പോകും. അതാണ് എന്റെ ആദ്യത്തെ കടമ. അതിനുശേഷമെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ശ്രദ്ധിക്കൂ. ഹോം ഗ്രൗണ്ടാണെങ്കിലും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇതുവരെ ഏകദിനത്തില്‍ കളിക്കാനായിട്ടില്ല. ടെസ്റ്റില്‍ മാത്രമെ കളിച്ചിട്ടുള്ളൂ. ഒരു ലക്ഷത്തോളം ആളുകള്‍ കളികാണാനെത്തുമെന്ന് കരുതുന്ന സ്റ്റേഡിയത്തിലെ ആവേശം പറഞ്ഞറിയിക്കാനാവില്ല- ബുംമ്ര പറഞ്ഞു.

ബുംമ്രക്ക് അഞ്ച് വയസാവുന്നതിന് മുമ്പെ അച്ഛന്‍ മരിച്ചതോടെ സ്‌കൂള്‍ പ്രിന്‍സിപ്പിളായ അമ്മ ദല്‍ജിത് ആണ് താരത്തെ വളര്‍ത്തിയത്. അതിനാല്‍ അമ്മ കഴിഞ്ഞേ താരത്തിന് മറ്റ് എന്തുമുള്ളു. ഇതാണ് ലോകകപ്പ് മത്സരത്തിനിടയിലും താരം അമ്മയെ കാണാന്‍ പോയതില്‍നിന്നും വ്യക്തമാകുന്നത്.

Read more

ശനിയാഴ്ച ഇരുടീമുകളും മൂന്നാം ജയം മുന്നില്‍ കണ്ടാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ വ്യത്യസ്തമായ ടീം കോമ്പിനേഷനുകളായിരുന്നു പരീക്ഷിച്ചത്. ചെപ്പോക്കിലെ ആദ്യ കളില്‍ സ്പിന്‍ ബോളിംഗിനു മുന്‍തൂക്കം നല്‍കിയാണ് ഇന്ത്യയിറങ്ങിയത്. എന്നാല്‍ അഫ്ഗാനെതിരേ പേസ് ബോളിംഗിനു പ്രാധാന്യമുള്ളതായിരുന്നു ഇന്ത്യന്‍ ഇലവന്‍. പാകിസ്ഥാനെതിരേ ഇന്ത്യ വീണ്ടും പ്ലെയിംഗ് ഇലവനില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ്. യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ മടങ്ങിവരവിനു വേണ്ടിയാണ് ഇന്ത്യ കാത്തിരിക്കുന്നത്.