ഒരു നാൾ ഞാനും അച്ഛനെ പോലെ..., രഞ്ജി ട്രോഫിയിൽ തീയായി അർജുൻ ടെണ്ടുൽക്കർ; ഐപിഎൽ ലേലത്തിന് മുമ്പ് നൽകിയത് വലിയ സിഗ്നൽ

അരുണാചൽ പ്രദേശിനെ തകർത്തെറിഞ്ഞ് ഗോവയുടെ പേസർ അർജുൻ ടെണ്ടുൽക്കർ രഞ്ജി ട്രോഫിയിലെ തൻ്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം ബുധനാഴ്ച കരസ്ഥമാക്കി. പോർവോറിമിൽ നടന്ന മത്സരത്തിന്റെ ആദ്യ ദിനത്തിൽ അരുണാചൽ പ്രദേശ് വെറും 84 റൺസിന് ഓൾഔട്ടായപ്പോൾ 9-3-25-5 എന്ന മികച്ച പ്രകടനത്തോടെ അർജുൻ തിളങ്ങി. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകനായതിനാൽ ഇപ്പോഴും സമ്മർദ്ദങ്ങൾ അലട്ടിയിട്ടുള്ള അർജുൻ എന്തായാലും മോശമാക്കിയില്ല.

അർജുന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയായിരുന്നു പിറന്നത് എന്ന് നിസംശയം പറയാം . രണ്ട് സീസണുകൾക്ക് മുമ്പ് മുംബൈയിൽ നിന്ന് ഗോവയിലേക്ക് മാറിയ അദ്ദേഹത്തിൻ്റെ 17-ാമത്തെ ഫസ്റ്റ് ക്ലാസ് മത്സരമായിരുന്നു അത്. ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച അരുണാചൽ പ്രദേശ് അർജുനിന് മുന്നിൽ തകർന്നടിയുക ആയിരുന്നു.

തുടക്കം മുതൽ തന്നെ കൃത്യമായ ലൈനിലും ലെങ്ങ്തിലും പന്തെറിഞ്ഞ അർജുൻ മികവ് കാണിച്ചപ്പോൾ എതിരാളികൾക്ക് ഉത്തരമൊന്നും ഇല്ലായിരുന്നു. അർജുൻ സംബന്ധിച്ച് ഇന്ത്യൻ പ്രീമിർ ലീഗിലെ മെഗാ ലേലം വരാനിരിക്കെ മികവ് കാണിക്കേണ്ടത് അത്യാവശ്യം ആയിരുന്നു. എന്തായാലും തങ്ങളുടെ പ്രിയപ്പെട്ട ഇതിഹാസം സാക്ഷാൽ സച്ചിന്റെ മകനായി മുംബൈ ഇന്ത്യൻസ് ലേലത്തിൽ ശ്രമം നടത്തുമെന്ന് ഉറപ്പാണ്.

സച്ചിന്റെ മകൻ എന്ന സമ്മർദ്ദമൊക്കെ മാറ്റി കളിച്ചാൽ അർജുൻ വേറെ ലെവലാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്.