ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ന് വെറും 4 കോടി രൂപയ്ക്ക് മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്‌സിന് (CSK) അവസരം. ബെംഗളൂരുവിൽ നടന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗത്തിന് ശേഷം, ആറ് കളിക്കാരെ വീതം നിലനിർത്താൻ ഫ്രാഞ്ചൈസികളെ അനുവദിക്കാൻ ബിസിസിഐ തീരുമാനിച്ചു. അതിൽ ഒരാൾ അൺക്യാപ്ഡ് താരമാകും.
അഞ്ച് വർഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരങ്ങളെ അൺക്യാപ്ഡ് ക്രിക്കറ്റർമാരായി നിലനിർത്താൻ ടീമുകളെ അനുവദിക്കുന്ന നിയമം തിരികെ കൊണ്ടുവരാനും ബിസിസിഐ സമ്മതിച്ചു. 2022 ലെ മെഗാ ലേലത്തിൽ, ചെന്നൈ 12 കോടി രൂപയ്ക്ക് ധോണിയെ അവരുടെ രണ്ടാം കളിക്കാരനായിട്ടാണ് നിലനിർത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രമാണ് ധോണി കളിക്കുന്നത്.
വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്ററെ അൺക്യാപ്ഡ് കളിക്കാരനായി നിലനിർത്താൻ സിഎസ്‌കെ തീരുമാനിച്ചാൽ, ധോണിക്ക് നാല് കോടി രൂപ ലഭിക്കും. ഈ നിയമം 2008-ൽ അവതരിപ്പിച്ചെങ്കിലും ടൂർണമെൻ്റിൽ ഒരു ഫ്രാഞ്ചൈസിയും ഇത് ഉപയോഗിക്കാത്തതിനെത്തുടർന്ന് 2021-ൽ അത് ഒഴിവാക്കി.
അതേസമയം, പുതിയ നിലനിർത്തൽ നിയമങ്ങൾ അറിയുന്നതിന് മുമ്പ് 18-ാം സീസണിൽ തൻ്റെ പങ്കാളിത്തം സ്ഥിരീകരിക്കാൻ ധോണി വിസമ്മതിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പരിക്കേറ്റെങ്കിലും ധോണി ഒരു മത്സരം പോലും കളിച്ചിരുന്നില്ല. വർഷങ്ങളായി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ആയിരുന്ന ധോണി കഴിഞ്ഞ സീസണിൽ നായക സ്ഥാനം ഋതുരാജിന് കൈമാറിയിരുന്നു.