പാകിസ്ഥാന് ക്രിക്കറ്റ് സമീപകാലത്തെ ഏറ്റവും പരുക്കന്‍ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ടെസ്റ്റില്‍ ബംഗ്ലാദേശ് അവരെ 2-0ന് തോല്‍പ്പിച്ചതടക്കമുള്ള ടീമിന്റെ മോശം ഫോമിനൊപ്പം, ക്യാപ്റ്റന്‍സിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ബാബര്‍ അസം അടുത്തിടെ വൈറ്റ്-ബോള്‍ നായകന്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചു. ഇപ്പോഴിതാ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ നിലവിലെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചു രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍.
വിദഗ്ധരായ ഒരു കൂട്ടം കളിക്കാര്‍ ഉണ്ടായിട്ടും പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ തനിക്ക് ഖേദമുണ്ടെന്ന് രവിചന്ദ്രന്‍ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഒരു കാലത്ത് അപകടകാരികളായ നിരവധി കളിക്കാര്‍ പാകിസ്ഥാനുവേണ്ടി കളിച്ചു എന്ന വസ്തുതയും അദ്ദേഹം പരാമര്‍ശിച്ചു.
സത്യം പറഞ്ഞാല്‍, പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ എനിക്ക് ഖേദമുണ്ട്. ഒരു കാലത്ത് ഏറ്റവും അപകടകാരികളായ ചില ക്രിക്കറ്റ് താരങ്ങള്‍ രാജ്യത്തിന് വേണ്ടി കളിച്ചു. ഒരു ക്രിക്കറ്റ് കളിക്കാരന്റെ വീക്ഷണകോണില്‍, പാകിസ്ഥാന്‍ അഭിമാനകരമായ ക്രിക്കറ്റ് രാജ്യമാണ്- അശ്വിന്‍ പറഞ്ഞു.
സാമ്പത്തികമായും പാകിസ്ഥാന്‍ ക്രിക്കറ്റ് തകര്‍ന്ന അവസ്ഥയിലാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നാല് മാസത്തോളമായി പ്രതിഫലം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി തുടങ്ങിയ പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസത്തെ പ്രതിഫലമാണ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കാനുള്ളത്.
പാക് പുരുഷ ക്രിക്കറ്റ് ടീമിലെ 25 മുതിര്‍ന്ന താരങ്ങള്‍ 2023 ജൂലൈ ഒന്ന് മുതല്‍ 2026 ജൂണ്‍ 30 വരെ മൂന്ന് വര്‍ഷത്തെ കരാറിലുള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കരാര്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പുനപരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പാക് വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കും കഴിഞ്ഞ നാല് മാസമായി പ്രതിഫലം ലഭിച്ചിട്ടില്ല. 23 മാസത്തെ കരാറാണ് വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പാക് ക്രിക്കറ്റ് ബോര്‍ഡുമായുള്ളത്. ഇവരുടെ കരാര്‍ 12 മാസമാകുമ്പോള്‍ പുനപരിശോധിക്കും എന്നാല്‍ അതും ഇതുവരെ നടന്നിട്ടില്ല.
Read more
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി പാകിസ്ഥാന് മുന്‍പിലുള്ളത്. ഒക്ടോബര്‍ ഏഴിനാണ് മൂന്ന് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. വനിതാ ക്രിക്കറ്റ് ടീം 2024 ടി20 ലോകകപ്പ് പോരാട്ടത്തിലാണ്.