നാല് മാസമായി ശമ്പളമില്ല, പാകിസ്ഥാന്‍ ക്രിക്കറ്റ് വമ്പന്‍ പ്രതിസന്ധിയില്‍, കളത്തിലേക്കും പടരുമോയെന്ന് ആശങ്ക

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നാല് മാസത്തോളമായി പ്രതിഫലം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി തുടങ്ങിയ പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസത്തെ പ്രതിഫലമാണ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കാനുള്ളത്.

പാക് പുരുഷ ക്രിക്കറ്റ് ടീമിലെ 25 മുതിര്‍ന്ന താരങ്ങള്‍ 2023 ജൂലൈ ഒന്ന് മുതല്‍ 2026 ജൂണ്‍ 30 വരെ മൂന്ന് വര്‍ഷത്തെ കരാറിലുള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കരാര്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പുനപരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

പാക് വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കും കഴിഞ്ഞ നാല് മാസമായി പ്രതിഫലം ലഭിച്ചിട്ടില്ല. 23 മാസത്തെ കരാറാണ് വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പാക് ക്രിക്കറ്റ് ബോര്‍ഡുമായുള്ളത്. ഇവരുടെ കരാര്‍ 12 മാസമാകുമ്പോള്‍ പുനപരിശോധിക്കും എന്നാല്‍ അതും ഇതുവരെ നടന്നിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി പാകിസ്ഥാന് മുന്‍പിലുള്ളത്. ഒക്ടോബര്‍ ഏഴിനാണ് മൂന്ന് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. വനിതാ ക്രിക്കറ്റ് ടീം 2024 ടി20 ലോകകപ്പ് പോരാട്ടത്തിലാണ്.

വൈകിയ പേയ്‌മെൻ്റുകൾ പിസിബിയുടെ സാമ്പത്തിക മാനേജുമെൻ്റിനെയും സ്ഥിരതയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. പ്രധാന അന്താരാഷ്ട്ര ടൂർണമെൻ്റുകൾക്കായി തയ്യാറെടുക്കുമ്പോൾ ഇത് ടീമിൻ്റെ മനോവീര്യത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ശക്തമാണ്.

Read more