പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതുക്കിയ പ്രതിമാസ ശമ്പളം വെളിപ്പെടുത്തി പിസിബി

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) രാജ്യത്തെ മുന്‍നിര പുരുഷ ക്രിക്കറ്റ് താരങ്ങളുടെ പ്രതിമാസ ശമ്പളം വെളിപ്പെടുത്തി. പാകിസ്ഥാന്റെ അന്താരാഷ്ട്ര കളിക്കാര്‍ക്കുള്ള എല്ലാ വിഭാഗങ്ങളിലും പിസിബി ഗണ്യമായ ശമ്പള വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

ക്യാപ്റ്റന്‍ ബാബര്‍ അസം, പേസ് കുന്തമുനയായ ഷഹീന്‍ അഫ്രീദി, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ തുടങ്ങിയ പാകിസ്ഥാന്റെ എലൈറ്റ് ക്രിക്കറ്റ് താരങ്ങളാണ് ശമ്പള സ്‌കെയിലില്‍ ഏറ്റവും മുകളില്‍. ‘കാറ്റഗറി എ’യില്‍ ഉള്‍പ്പെടുന്ന ഇവര്‍ക്ക് ഓരോരുത്തര്‍ക്കും അവരുടെ കേന്ദ്ര കരാറുകള്‍ പ്രകാരം പ്രതിമാസം 4.5 ദശലക്ഷം പാകിസ്ഥാനി രൂപ (13.50 ലക്ഷം ഇന്ത്യന്‍ രൂപ) ലഭിക്കും.

ഈ കണക്ക് അവരുടെ മുന്‍ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ 200% വര്‍ദ്ധനവുണ്ട്. മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കാനും ലോകമെമ്പാടുമുള്ള എല്ലാ ടി20 ലീഗ് ഓഫറുകള്‍ക്കും നടുവില്‍ അവരുടെ സേവനങ്ങള്‍ നിലനിര്‍ത്താനും പിസിബി ഇതിലൂടെ ലക്ഷ്യമിടുന്നു.

ഷദാബ് ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, യുവ പേസ് സെന്‍സേഷന്‍ നസീം ഷാ എന്നിവരുള്‍പ്പെടെയുള്ള പാകിസ്ഥാന്റെ ‘കാറ്റഗറി ബി’ കളിക്കാര്‍ക്ക് 3 ദശലക്ഷം പാകിസ്ഥാനി രൂപ (9 ലക്ഷം ഇന്ത്യന്‍ രൂപ) ലഭിക്കും.

ഇമാദ് വസീം, ഇഫ്തിഖർ അഹമ്മദ് തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ ഉൾപ്പെടുന്ന ‘കാറ്റഗറി സി’, ‘കാറ്റഗറി ഡി’ ഉള്ളവർക്ക് 750,000 പാകിസ്ഥാനി രൂപ മുതൽ 1.5 ദശലക്ഷം പാകിസ്ഥാനി രൂപ വരെയാണ് പ്രതിമാസ ശമ്പളം. (2.25 മുതല്‍ 4.50 ലക്ഷം ഇന്ത്യന്‍ രൂപ)