അശ്വിന്റെ മങ്കാദിംഗ് ഈ ഐ.പി.എല്ലില്‍ നടക്കില്ല; മുന്നറിയിപ്പുമായി പോണ്ടിംഗ്

“മങ്കാദിംഗി”ന്റെ പേരില്‍ സമീപകാലത്ത് ഏറ്റവുമധികം വിമര്‍ശനം നേരിട്ട ഇന്ത്യന്‍ താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. കഴിഞ്ഞ സീസണിലെ ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിക്കവെയാണ് ബൗളിംഗിനിടെ നോണ്‍ സ്ട്രൈക്കറായിരുന്ന രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട് ലറെ അശ്വിന്‍ മങ്കാദ് ചെയ്ത് പുറത്താക്കിയത്. എന്നാല്‍ അശ്വിന്റെ മങ്കാദിംഗ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ നടക്കില്ലെന്നാണ് കോച്ച് റിക്കി പോണ്ടിംഗ് പറയുന്നത്. ഈ സീസണില്‍ ഡല്‍ഹിയുടെ താരമാണ് അശ്വിന്‍.

“അശ്വിന്‍ വളരെ മികച്ച ബൗളറാണ്. ഐ.പി.എല്ലില്‍ വര്‍ഷങ്ങളായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി കളിക്കവെ അശ്വിന്‍ മങ്കാദ് ചെയ്തത് ഞാന്‍ കണ്ടിരുന്നു. ഇത് സംഭവിച്ച ശേഷം ഡല്‍ഹി ടീമിലെ താരങ്ങളെ വിളിച്ച് ഞാന്‍ സംസാരിച്ചിരുന്നു. ടൂര്‍ണമെന്റിലെ മറ്റു താരങ്ങളും ഒരു പക്ഷെ ഇത് ആവര്‍ത്തിച്ചേക്കാം. എന്നാല്‍ ഡല്‍ഹി ടീമിലെ ആരും തന്നെ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ഞാന്‍ നിര്‍ദേശിച്ചു.”

DC vs KKR: Ponting hints at targeting Kolkata Knight Riders

“ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്ത പെരുമാറ്റമാണ് അശ്വിന്റെ ഭാഗത്തു നിന്നുണ്ടായ മങ്കാദ്. ബട്ലറെ അശ്വിന്‍ ആ തരത്തില്‍ പുറത്താക്കിയതിനോടു ഞാന്‍ യോജിക്കുന്നില്ല. ഇത്തവണ ഐ.പി.എല്ലില്‍ ഇതാവര്‍ത്തികരുതെന്ന് അശ്വിനോടു ആവശ്യപ്പെടും. അദ്ദേഹം ഇത് ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുമെന്ന് തന്നെയാണ് കരുതുന്നത്. നിയമവിധേയമായ കാര്യമാണെങ്കിലും ക്രിക്കറ്റിനു നിരക്കുന്ന കാര്യമാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ തന്നെ ഡല്‍ഹിയില്‍ ഇതാവര്‍ത്തിക്കാന്‍ ഞാന്‍ അനുവദിക്കില്ല.” പോണ്ടിംഗ് വ്യക്തമാക്കി.


കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായ അശ്വിന്റെ മങ്കാദിംഗ്. ബോളറിയാന്‍ ആക്ഷന് തുടക്കമിട്ടു വന്ന അശ്വിന്‍ ഇടയ്ക്ക് നിര്‍ത്തി നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന ബട് ലറുടെ സ്റ്റമ്പ് ഇളക്കുകയായിരുന്നു. റീപ്ലേയില്‍ ബട് ലര്‍ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ അമ്പയര്‍ ഔട്ടും വിധിച്ചു.