പ്രോട്ടീസിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി; സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ലെ ഐസിസി ലോകകപ്പില്‍ നിന്ന് അവരുടെ സ്റ്റാര്‍ പേസര്‍ ആന്റിച്ച് നോര്‍ട്ട്‌ജെ പുറത്തായെന്നാണ് വിവരം. നടുവുവേദനയെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം എന്നാണ് അറിയുന്നത്.

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ബോളര്‍മാരിലൊരാളാണ് ആന്റിച്ച് നോര്‍ട്ട്‌ജെ. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വെച്ച് തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടുകയെന്ന ലക്ഷ്യത്തോടെ എത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് അദ്ദേഹം ഒരു മാരകമായ ഓപ്ഷനാകുമായിരുന്നു. എന്നിരുന്നാലും, നട്ടെല്ലിനേറ്റ പരിക്ക് 29 കാരനായ താരത്തിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്.

പരിക്കിനെത്തുടര്‍ന്ന് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയും ആന്റിച്ച് നോര്‍ജ്ടെക്ക് നഷ്ടമായിരുന്നു. താരത്തിന് മെഗാ ഇവന്റ് നഷ്ടപ്പെടുന്നത് ഇതാദ്യമായിട്ടല്ല. തള്ളവിരലിന് ഒടിവുണ്ടായതിനാല്‍ 2019 ലെ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു. പകരം ക്രിസ് മോറിസാണ് കളിച്ചത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രോട്ടീസ് ബോളിംഗ് ആക്രമണത്തിന്റെ നെടുംതൂണാണ് ആന്റിച്ച് നോര്‍ട്ട്‌ജെ. കൂടാതെ തന്റെ അമ്പരപ്പിക്കുന്ന ബോളിംഗ് പ്രകടനത്തിലൂടെ ടീമിനായി നിരവധി ഗെയിമുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.