"എനിക്ക് അവനോട് സഹതാപമാണ്, കാരണം ആളൊരു തോൽവിയാണ്": തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

നീണ്ട 12 വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര തോറ്റിരിക്കുകയാണ്. ഇന്ത്യ ന്യുസിലാൻഡ് പര്യടനത്തിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 113 റൺസിനാണ് തോല്‍വി ഏറ്റുവാങ്ങിയത്. കിവീസ് മുന്നോട്ടുവെച്ച 359 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ മൂന്നാം ദിനം 245 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടിംന്നിംഗുകളിലായി 13 വിക്കറ്റ് വീഴ്ത്തിയ മിച്ചെല്‍ സാറ്റ്‌നെറാണ് ഇന്ത്യയെ തകര്‍ത്തത്.

ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് നിൽകുന്നതെങ്കിലും ഫൈനലിലേക്ക് കയറുന്ന കാര്യത്തിൽ ഇപ്പോൾ ആശങ്കയിലാണ് ഇന്ത്യൻ ആരാധകർ. അടുപ്പിച്ച് രണ്ട് ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചത് കൊണ്ട് ന്യുസിലാൻഡ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് നിലവിലെ കപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയാണ്. ഗൗതം ഗംഭീറിന്റെ പരിശീലനത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ അതുൽ വാസൻ.

അതുൽ വാസൻ പറയുന്നത് ഇങ്ങനെ:

“12 വര്‍ഷത്തിനിടെയിലെ ഇന്ത്യയുടെ നാട്ടിലെ വമ്പന്‍ പരമ്പര തോല്‍വിയുടെ പശ്ചാത്തലത്തില്‍ എനിക്ക് പരിശീലകന്‍ ഗൗതം ഗംഭീറിനോട് സഹതാപം മാത്രമാണുള്ളത്. ഇതിന് മുമ്പ് ശ്രീലങ്കയോട് നീണ്ട കാലത്തിന് ശേഷം ഏകദിന പരമ്പരയും തോറ്റു. ഇപ്പോള്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജയിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഇങ്ങനെയൊക്കെ പറയുമ്പോഴും ഇന്ത്യ മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടില്‍ തോറ്റുവെന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല” അതുല്‍ വാസന്‍ പറഞ്ഞു.

Read more