"ഗംഭീർ എന്നോട് മത്സരത്തിനിടയിൽ പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല"; തുറന്ന് പറഞ്ഞ് നിതീഷ് കുമാർ; സംഭവം ഇങ്ങനെ

ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടി-20 മത്സരത്തിൽ പരിശീലകനായ ഗൗതം ഗംഭീർ തനിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നിതീഷ് കുമാർ. അന്നത്തെ മത്സരത്തിൽ ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാർ നിറം മങ്ങിയപ്പോൾ ടീമിനെ മികച്ച റൺസിലേക്ക് ഉയർത്തിയത് നിതീഷ് കുമാറിന്റെ തകർപ്പൻ ബാറ്റിംഗിലൂടെയായിരുന്നു. പവർ ഹിറ്റിങ്ങിൽ റൺസ് കണ്ടെത്തിയ താരം റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ചപ്പോൾ പുറത്താകേണ്ടതായിരുന്നു. ആ സമയത്ത് ഗംഭീറിന്റെ ഉപദേശം തന്നെ സഹായിച്ചു എന്നാണ് നിതീഷ് പറയുന്നത്.

നിതീഷ് കുമാർ പറയുന്നത് ഇങ്ങനെ:

“രണ്ടാം ട്വന്റി 20 മത്സരത്തിനിടെ ഞാൻ ഒരു റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചിരുന്നു. ആ പന്തിൽ ഞാൻ‍ ഔട്ടാകേണ്ടതായിരുന്നു. റിവ്യൂ പരിശോധനയിൽ ഔട്ടല്ലെന്ന് തെളിഞ്ഞു. ഇതിന് ശേഷമുള്ള ബ്രേയ്ക്ക് സമയത്ത് ​ഗംഭീർ എന്നെ സമീപിച്ചു. നിതീഷ് നിനക്ക് വളരെ എളുപ്പത്തിൽ ബൗണ്ടറികൾ നേടാനുള്ള കരുത്തുണ്ട്. പന്ത് ഇത്രയും താഴ്ന്ന് വരുമ്പോൾ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കേണ്ടതില്ലെന്ന് പറഞ്ഞു. പിന്നാലെ കരുത്ത് ഉപയോ​ഗിച്ചാണ് ഞാൻ കളിച്ചത്. അത് മികച്ച സ്കോറിലേക്കെത്താൻ എന്നെ സഹായിച്ചു”

നിതീഷ് കുമാർ തുടർന്നു:

“ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറാകുകയാണ് എന്റെ ലക്ഷ്യം. കുട്ടിക്കാലം മുതലുള്ള സ്വപ്നമാണത്. ഇന്ത്യൻ ടീമിനൊപ്പം കളിക്കുകയെന്നത് എല്ലാവരുടെയും ആ​ഗ്രഹമാണ്. എങ്കിലും എന്റെ ഏറ്റവും ആത്യന്തികമായ ലക്ഷ്യം മികച്ച ഓൾ റൗണ്ടർ ആകുകയെന്നതാണ്. അതുകൊണ്ടാണ് ബാറ്റിങ്ങിനൊപ്പം ഞാൻ ബൗളിങ്ങിലും പരിശീലനം നടത്തുന്നുമുണ്ട്” നിതീഷ് കുമാർ പറഞ്ഞു.

രണ്ടാം ടി-20 മത്സരത്തിൽ നിതീഷ് കുമാർ 34 പന്തുകളിൽ നിന്ന് 7 സിക്സറുകളും 4 ഫോറും അടക്കം 74 റൺസ് ആണ് ടീമിനായി നേടിയത്. എന്നാൽ അദ്ദേഹത്തിന് സൗത്ത് ആഫ്രിക്കൻ പര്യടനത്തിലെ ടി-20 സ്‌ക്വാഡിൽ ഇടം നേടാൻ സാധിച്ചില്ല. ഈ വർഷത്തെ ഇന്ത്യയുടെ അവസാന ടി-20 പരമ്പരയാണ് അത്.