"സഞ്ജു സാംസൺ എന്നെ ഫോൺ ചെയ്തിരുന്നു, വിവരം അറിഞ്ഞ് ഞാൻ ഷോക്ക് ആയി"; തുറന്ന് പറഞ്ഞ് സന്ദീപ്‌ ശർമ്മ

ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനായ സഞ്ജു സാംസന്റെ തന്നെ ഫോൺ ചെയ്തു പറഞ്ഞ കാര്യം എന്താണെന്ന് സംസാരിച്ചിരിക്കുകയാണ് ഐപിഎൽ രാജസ്ഥാൻ റോയൽസ് താരം സന്ദീപ് ശർമ്മ. നിലവിൽ സഞ്ജു ഇപ്പോൾ തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. വർഷങ്ങളായി തന്നെ ടീമിൽ നിന്നും തഴഞ്ഞവർക്കുള്ള മറുപടി അദ്ദേഹം ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന സൗത്ത് ആഫ്രിക്ക ഇന്ത്യ ടി-20 മത്സരത്തിൽ തകർപ്പൻ സെഞ്ചുറി ആണ് താരം നേടിയത്.

ഐപിഎലിൽ ഒരുപാട് മികച്ച ക്യാപ്റ്റന്മാരുടെ കൂടെ കളിച്ചിട്ടുണ്ടെങ്കിലും സഞ്ജുവിന്റെ ക്യാപ്റ്റന്സിയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് പറഞ്ഞിരിക്കുകയാണ് സന്ദീപ്‌ ശർമ്മ.

സന്ദീപ്‌ ശർമ്മ പറയുന്നത് ഇങ്ങനെ:

‘‘വളരെ മികച്ച ക്യാപ്റ്റനാണ് സ‍ഞ്ജു സാംസൺ. കഴിഞ്ഞ 12 വർഷമായി ഐപിഎലിൽ കളിക്കുന്നയാളാണ് ഞാൻ. സഞ്ജുവിനേപ്പോലെ ഒരു ക്യാപ്റ്റനെ ഇതുവരെ കണ്ടിട്ടില്ല. ഇതിനകം ഞാൻ പല ക്യാപ്റ്റൻമാർക്കു കീഴിൽ കളിച്ചിട്ടുണ്ടെങ്കിലും സഞ്ജു തന്നെയാണ് അവരിൽ ഏറ്റവും മികച്ചയാൾ.

സന്ദീപ്‌ ശർമ്മ തുടർന്നു:

‘‘2023ലെ ഐപിഎൽ താരലേലത്തിൽ എന്നെ ആരും വാങ്ങിയിരുന്നില്ല. ഇതിനിടെ എനിക്ക് സഞ്ജുവിന്റെ ഫോൺ വന്നു. ഈ സീസണിൽ രാജസ്ഥാൻ റോയൽസിലെ ചില ബോളർമാർ പരുക്കിന്റെ പിടിയിലാണെന്നും ടീമിനായി കളിക്കാൻ അവസരമുണ്ടാകുമെന്നും അറിയിച്ചു. അവസരം ലഭിച്ചാൽ ഞാൻ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പുണ്ടെന്നുകൂടി സഞ്ജു പറഞ്ഞതോടെ എന്റെ ആത്മവിശ്വാസം കൂടി”

സന്ദീപ്‌ ശർമ്മ കൂട്ടി ചേർത്തു:

‘‘സഞ്ജു എന്നിൽ ഞാൻ അർഹിക്കുന്നതിലേറെ വിശ്വാസം അർപ്പിച്ചുവെന്നതാണ് വാസ്തവം. ഞാൻ പരിശീലനം തുടരണമെന്നും ആവശ്യപ്പെട്ടത് അദ്ദേഹമാണ്. സഞ്ജുവുമായുള്ള ആ സംഭാഷണം എന്നെ സംബന്ധിച്ച് വളരെ ഉപകാരപ്രദമായി. അധികം വൈകാതെ എനിക്ക് രാജസ്ഥാൻ റോയൽസിലേക്ക് വിളിവന്നു. പ്രസിദ്ധ് കൃഷ്ണ പരുക്കേറ്റ് പുറത്തായതോടെയായിരുന്നു ഇത്. അങ്ങനെയാണ് രാജസ്ഥാൻ റോയൽസിനൊപ്പമുള്ള എന്റെ യാത്ര ആരംഭിക്കുന്നത്” സന്ദീപ്‌ ശർമ്മ പറഞ്ഞു.

Read more