"ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ സഞ്ജു, ഒറ്റയ്ക്ക് വിജയത്തിലെത്തിക്കാനും അവനറിയാം"; മുൻ പാകിസ്ഥാൻ താരം അഭിപ്രായപ്പെട്ടു

ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് മലയാളി താരമായ സഞ്ജു സാംസണാണ് ട്രെൻഡിങ്. അടുപ്പിച്ച് രണ്ട് സെഞ്ചുറികളാണ് അദ്ദേഹം നേടിയിരിക്കുന്നത്. തുടരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോഡും സഞ്ജു നേടി. പരമ്പരയിലെ ആദ്യ ടി-20 മത്സരത്തിൽ 61 റൺസിനാണ് സൂര്യ കുമാറും സംഘവും വിജയിച്ചത്. അതിലെ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസണാണ്.

സഞ്ജുവിന്റെ ബാറ്റിംഗ് മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ അഹമ്മദ് ഷഹ്സാദ്. ഇത് പോലെ കളിക്കുക എന്നത് പ്രയാസകരമായ കാര്യമാണെന്നും സഞ്ജു ഇനി ഒരിക്കലും അവഗണിക്കപ്പെടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അഹമ്മദ് ഷഹ്സാദ് പറയുന്നത് ഇങ്ങനെ:

‘സഞ്ജു സാംസണ്‍ ഗ്രൗണ്ട് മുഴുവനും സിക്‌സുകള്‍ പായിച്ചു. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ നേടുകയെന്നത് ചെറിയ കാര്യമല്ല. മുന്‍പ് അദ്ദേഹത്തിന് കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല എന്നത് സത്യമാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഒരുപാട് അംഗീകാരവും ബഹുമാനവും അര്‍ഹിക്കുന്നു. ഇനി സഞ്ജുവിന് അവഗണിക്കപ്പെടേണ്ടി വരില്ല”

അഹമ്മദ് ഷഹ്സാദ് തുടർന്നു:

“താങ്കള്‍ ആരായാലും എവിടെ നിന്നായാലും വരൂ എന്നോട് മത്സരിക്കൂ. ഇന്ന് ഞാനും നിങ്ങളും തമ്മിലാണ് പോരാട്ടം. കഠിനമായി പരിശ്രമിക്കാനും താങ്കളുടെ വെല്ലുവിളി പൂര്‍ത്തീകരിക്കാനുമുള്ള മാനസികാവസ്ഥയിലാണ് ഞാന്‍ എന്ന് സഞ്ജു പറയുന്നതുപോലെ തോന്നി. മികച്ച ബൗണ്‍സും പേസും ഉള്ള പിച്ചാണ് ദക്ഷിണാഫ്രിക്കയിലേത്. എന്നാല്‍ സഞ്ജു എല്ലാ വെല്ലുവിളിയെയും മറികടന്ന് ടീമിനെ ഒറ്റയ്ക്ക് വിജയത്തിലെത്തിച്ചു. ഇന്ത്യയ്ക്ക് വിജയിക്കാന്‍ അദ്ദേഹം മാത്രം മതി” അഹമ്മദ് ഷഹ്സാദ് പറഞ്ഞു.