അഞ്ച് ദിവസത്തെ ഭാരം ഏറ്റെടുക്കാന്‍ ഫിറ്റാണെങ്കില്‍, അവന്‍ ഉറപ്പായും പ്ലെയിംഗ് ഇലവനിലുണ്ടാകും; വലിയ പ്രതീക്ഷ നല്‍കി ദ്രാവിഡ്

ഓസ്ട്രേലിയയ്ക്കെതിരായ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയുടെ രണ്ടാം മത്സരത്തിന് മുന്നോടിയായി, ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് വലിയ അപ്ഡേറ്റുമായി ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്. താരം കളിക്കാന്‍ സജ്ജനാണെങ്കില്‍ തീര്‍ച്ചയായും ഇലവനിലുണ്ടാകുമെന്ന് ദ്രാവിഡ് പറഞ്ഞു.

ആരെയെങ്കിലും പരിക്കില്‍ നിന്ന് തിരികെ ലഭിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്. പരിക്ക് കാരണം ആളുകളെ നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അവന്‍ തിരിച്ചെത്തി ഫിറ്റായതില്‍ എനിക്ക് സന്തോഷമുണ്ട്. രണ്ട് ദിവസത്തെ പരിശീലനത്തിന് ശേഷം അവനെ കളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും.

അവന് ഇന്ന് ഒരു നീണ്ട സെഷന്‍ ഉണ്ടായിരുന്നു; അവന്‍ കുറച്ച് പരിശീലനം നടത്തിയിട്ടുണ്ട്. ഞങ്ങള്‍ നാളെയും അവന്റെ നില വിലയിരുത്തും. ഒരു ടെസ്റ്റ് മത്സരത്തിന്റെ അഞ്ച് ദിവസത്തെ ഭാരം ഏറ്റെടുക്കാന്‍ അവന്‍ ഫിറ്റാണെങ്കില്‍, ഒരു സംശയവുമില്ല തന്റെ മുന്‍കാല പ്രകടനങ്ങള്‍ക്കൊപ്പം, അവന്‍ നേരെ ഇലവനിലേക്ക് എത്തും- ദ്രാവിഡ് പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലും നടുവേദനയെ തുടര്‍ന്ന് ശ്രേയസ് ടീമിന് പുറത്തായിരുന്നു. നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പരിശീലനം പൂര്‍ത്തിയാക്കിയ താരം ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്.