'അവര്‍ക്ക് കൊടുക്കുന്നത് എനിക്കും മതി'; ബിസിസിഐയുടെ അധിക ബോണസ് നിരസിച്ച് രാഹുല്‍ ദ്രാവിഡ്

ടി20 ലോകകപ്പ് വിജയത്തില്‍ ബിസിസിഐയുടെ തനിക്ക് അനുവദിച്ച അധിക ബോണസ് നിരസിച്ച് രാഹുല്‍ ദ്രാവിഡ്. തന്റെ സപ്പോര്‍ട്ട് സ്റ്റാഫിന് ലഭിക്കുന്ന അത്രയും പണം മാത്രം തനിക്കും മതിയെന്ന നിലപാടാണ് ദ്രാവിഡ് സ്വീകരിച്ചത്.

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ബോണസ് ഘടന പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്, ഇന്ത്യന്‍ പ്ലേയിംഗ് സ്‌ക്വാഡിനൊപ്പം രാഹുല്‍ ദ്രാവിഡിന് 5 കോടി രൂപയും ബോളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് എന്നിവരുള്‍പ്പെടെയുള്ള സപ്പോര്‍ട്ട് സ്റ്റാഫിന് 2.5 കോടി രൂപ വീതവുമാണ് അനുവദിച്ചത്.

എന്നിരുന്നാലും, തന്റെ സപ്പോര്‍ട്ട് സ്റ്റാഫിനേക്കാള്‍ തനിക്ക് ലഭിക്കുന്ന അധിക തുക നിരസിക്കാന്‍ രാഹുല്‍ ദ്രാവിഡ് തീരുമാനിച്ചു. ബിസിസിഐ വൃത്തങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് ഇക്കാര്യം സ്ഥിരീകരിച്ചു.

”രാഹുലിന് തന്റെ മറ്റ് സപ്പോര്‍ട്ട് സ്റ്റാഫിന് സമാനമായ ബോണസ് പണം മതി. ഞങ്ങള്‍ അദ്ദേഹത്തിന്റെ വികാരങ്ങളെ മാനിക്കുന്നു,” ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

രാഹുല്‍ ദ്രാവിഡ് വ്യക്തിപരമായ നേട്ടത്തേക്കാള്‍ സമത്വത്തിന് മുന്‍ഗണന നല്‍കുന്നത് ഇതാദ്യമല്ല. 2018-ല്‍, ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളെ പരിശീലിപ്പിക്കുമ്പോള്‍ സമാനമായ തത്ത്വങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചു. തനിക്ക് അനുകൂലമായ ഒരു ബോണസ് ഘടന നിര്‍ദ്ദേശിച്ചപ്പോള്‍, മുഴുവന്‍ കോച്ചിംഗ് സ്റ്റാഫിലും തുല്യമായ വിതരണത്തിനായി അദ്ദേഹം വാദിച്ചു.