'ജയിക്കാവുന്ന കളിയായിരുന്നു'; ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് ബി.സി.സി.ഐ വൈസ് പ്രസിഡന്റ്

പരിക്കിനോടും വംശീയ അധിക്ഷേപങ്ങളോടും പൊരുതി ഓസീസിനെതിരെ സിഡ്‌നിയില്‍ വിജയത്തോളം പോന്ന സമനില നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ടീമും ആരാധകരും. എന്നാല്‍ ഈ സന്തോഷ വേളയില്‍ ടീമിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ഇന്ത്യയ്ക്ക് ജയിക്കാവുന്ന മത്സരമായിരുന്നു ഇതെന്നാണ് ശുക്ല പറയുന്നത്.

“യഥാര്‍ത്ഥത്തില്‍ മധ്യനിരയ്ക്ക് കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമായിരുന്നു. അങ്ങനെ നമുക്ക് മത്സരത്തില്‍ വിജയിക്കാന്‍ കഴിയുമായിരുന്നു” എന്നാണ് ശുക്ല ട്വിറ്ററില്‍ കുറിച്ചത്. ശുക്ലയുടെ ട്വീറ്റിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ ശുക്ല നിസാരവത്കരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.

Image

407 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്താണ് സമനില സ്വന്തമാക്കിയത്. നാലാം ദിനം മൂന്നാം സെഷനിലും അവസാന ദിനമായ ഇന്നത്തെ മൂന്നു സെഷനിലുമായി 131 ഓവര്‍ പൊരുതി നിന്നാണ് ഇന്ത്യ സമനില പിടിച്ചത്. അഞ്ചാം ദിനം ഒരു ഓവര്‍ ബാക്കി നില്‍ക്കെ ഇരു ക്യാപ്റ്റന്‍മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു.

India vs Australia, 3rd Test: Hanuma Vihari, Ravichandran Ashwin Script India

വിഹാരിയുടെയും അശ്വിന്റെയും തകര്‍പ്പന്‍ പ്രതിരോധമാണ് സമനില പിടിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. അശ്വിന്‍- വിഹാരി സഖ്യം വിക്കറ്റ് കാത്ത് 256 ബോളുകള്‍ പ്രതിരോധിച്ച് നിന്നാണ് ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തത്. ഇതിനിടയില്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തതോ 62 റണ്‍സ് മാത്രം. വിഹാരി 161 ബോളില്‍ 23* റണ്‍സെടുത്തും അശ്വിന്‍ 128 ബോളില്‍ 39* റണ്‍സെടുത്തും പുറത്താകാതെ നിന്നു.