ഓൾറൗണ്ടർമാരുടെ റാങ്കിംഗ്, ഇന്ത്യയുടെ സൂപ്പർ സ്റ്റാറിനും മുകളിൽ എത്തി വിരാട് കോഹ്‌ലി; കണക്കുകളിൽ ആരാധകർക്ക് ഞെട്ടൽ

അതിശയകരമായ ഒരു കണക്കുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ക്രിക്കറ്റ് ലോകം. വിരാട് കോഹ്‌ലി തൻ്റെ T20I കരിയർ അവസാനിപ്പിച്ചത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ICC) ഓൾറൗണ്ടർ റാങ്കിംഗിൽ തൻ്റെ സഹതാരം രവീന്ദ്ര ജഡേജയേക്കാൾ ഉയർന്ന റാങ്കിലാണ്. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ കോഹ്‌ലി ബാറ്റർമാരുടെ റാങ്കിങ്ങിൽ 40-ാം സ്ഥാനത്തും ഓൾറൗണ്ടർമാരുടെ പട്ടികയിൽ 79 ആം സ്ഥാനത്തുമാണ്.

ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ എന്ന വിശേഷണം ഉള്ള ജഡേജ ഓൾറൗണ്ടർമാരുടെ പട്ടികയിൽ 86-ാം സ്ഥാനത്താണ്. 2024 ലെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ഒരു പ്രീമിയർ ഓൾറൗണ്ടറായി തിരഞ്ഞെടുത്ത ജഡേജയുടെ റാങ്ക് ഇത്ര താഴെ ആയിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്ന ചോദ്യം.

കോഹ്‌ലിയും ജഡേജയും അവരുടെ ക്യാപ്റ്റൻ രോഹിത് ശർമ്മയും ലോകകപ്പിന് ശേഷം ടി20യിൽ നിന്ന് വിരമിച്ചു. തോൽവിയറിയാതെ തന്നെ ഫൈനലിൽ എത്തിയ ഇന്ത്യ വിജയിക്കുകയും ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു.

കോഹ്‌ലി എങ്ങനെയാണ് ജഡേജക്ക് മുകളിൽ വന്നത് എന്ന് പലരും ഈ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ ചിലർ റാങ്കിങ് തെറ്റ് ആണെന്ന് പറഞ്ഞു. ജഡേജയും കോഹ്‌ലിയും ഉൾപ്പടെ ഉള്ളവർ ഏറെ നാളുകൾ ടി 20 യിൽ നിന്ന് മാറി നിന്നതുകൊണ്ട് ഉണ്ടായ ഇടിവ് ആണെന്ന് മറ്റ് ചിലർ പറഞ്ഞു.

എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ഓൾറൗണ്ടർമാരിൽ ഒരാളായിട്ടും, ടി20യിൽ ജഡേജ ഒരിക്കലും മികവ് പുലർത്തിയിട്ടില്ല എന്ന വസ്തുത മറച്ചുവെക്കാനാവില്ല. 71 മത്സരങ്ങളിൽ നിന്ന് 54 വിക്കറ്റ് വീഴ്ത്തിയെങ്കിലും സ്ഥിരത കണ്ടെത്താനായില്ല. ബാറ്റിംഗിലേക്ക് വന്നാൽ 41 ഇന്നിംഗ്‌സുകളിൽ നിന്ന് 21.46 ന് 515 റൺസും 127.16 സ്‌ട്രൈക്ക് റേറ്റും മാത്രമാണ് സമ്പാദ്യം.