"എന്റെ ജോലി പൂർത്തിയായി എന്ന് തോന്നി, അത് കൊണ്ടാണ് വിരമിച്ചത്"; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ആയ ഗാബയിൽ ഭാഗം ആകാതിരുന്ന അശ്വിൻ പിങ്ക് ബോൾ ടെസ്റ്റ് കളിച്ച ടീമിന്റെ ഭാഗം ആയിരുന്നു.

38 കാരനായ സ്പിന്നർ അന്താരാഷ്ട്ര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ രണ്ടാമത്തെ മുൻനിര വിക്കറ്റ് വേട്ടക്കാരനാണ്. 2011 നവംബർ 6 ന് ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്‌ക്കായി തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ശേഷം, അശ്വിൻ 106 ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുകയും 537 വിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റിൽ അനിൽ കുംബ്ലെ (619) മാത്രമാണ് അദ്ദേഹത്തെക്കാൾ കൂടുതൽ വിക്കറ്റ് നേടിയത്. വിരമിക്കൽ തീരുമാനം എപ്പോൾ എടുത്തു എന്നതിനെ കുറിച്ച് അശ്വിൻ സംസാരിച്ചു.

രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:

” നിങ്ങള്‍ക്കറിയാവുന്നതുപോലെ പെട്ടെന്ന് ഉണ്ടായ തീരുമാനമാണിത്. ഒരാള്‍ തന്റെ ജോലി പൂര്‍ത്തിയായെന്ന് ചിന്തിച്ചാല്‍ ഇത് അവസാനിപ്പിക്കുന്നതാണ് നല്ലത്. ആളുകള്‍ പലതും പറയുന്നുണ്ടെങ്കിലും ഇതൊന്നും വസ്തുതയല്ല. ആദ്യ ടെസ്റ്റ് ഞാന്‍ കളിച്ചില്ല. രണ്ടാം ടെസ്റ്റ് കളിച്ചപ്പോള്‍ മൂന്നാം ടെസ്റ്റ് കളിച്ചില്ല. അടുത്ത ടെസ്റ്റ് ഞാന്‍ കളിക്കാനും കളിക്കാതിരിക്കാനും സാധ്യതയുണ്ടായിരുന്നു. ഞാന്‍ എന്റെ ക്രിയേറ്റിവിറ്റി ഉപയോഗിക്കുന്നവനാണ്. അത് നഷ്ടപ്പെട്ടുവെന്ന് തോന്നിയപ്പോള്‍ വിരമിച്ചു. അത്രയേ ഉള്ളൂ” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

പരമ്പര അവസാനിക്കുന്നതിന് മുൻപ് അശ്വിൻ വിരമിച്ചത് വൻ വിമർശനത്തിന് കാരണമായിട്ടുണ്ട്. പരമ്പര തോറ്റതോടു കൂടി അശ്വിന് നേരെയും ഒരുപാട് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ഇനി ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കുപ്പായത്തിൽ മാത്രമേ അശ്വിനെ കാണാൻ സാധിക്കു.