ബാസ്‌ബോൾ പിള്ളേരെ തൂക്കിയെറിഞ്ഞ് രോഹിതും കൂട്ടരും, ഇന്ത്യക്ക് തകർപ്പൻ ജയവും പരമ്പരയിൽ ലീഡും; ഹോം ഗ്രൗണ്ട് ഇളക്കി മറിച്ച് ജഡേജ ഷോ

ബാസ്‌ബോൾ ഒന്നും ഇന്ത്യക്ക് മുന്നിൽ നടക്കില്ല മക്കളെ. ഇന്ത്യ ഉയർത്തിയ 557 റൺ വിജയലക്ഷ്യം നോക്കി ബാറ്റുചെയ്ത ഇംഗ്ലണ്ട് വെറും 122 റൺസിന് പുറത്ത്. ഇന്ത്യക്ക് 434 റൺ തകർപ്പൻ ജയവും പരമ്പരയിൽ നിർണായക ലീഡും . 500 നു മുകളിൽ വിജയലക്ഷ്യം വെച്ചപ്പോൾ തന്നെ ജയം ഉറപ്പിച്ചതാണ് ഇന്ത്യ. എന്നാൽ ആക്രമണ ക്രിക്കറ്റിലൂടെ കളിക്കാൻ മിടുക്കന്മാരായ ഇംഗ്ലണ്ട് ഒന്ന് പൊരുതാൻ പോലും നോക്കാതെ വീഴുക ആയിരുന്നു.

രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 445 റൺസ് അടിച്ചെടുത്തത്തിന് പിന്നാലെ മറുപടി ബാറ്റിംഗിൽ മൂന്നാംദിനം ഇംഗ്ലണ്ട് 319ന് എല്ലാവരും പുറത്തായി. മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തു. കുൽദീപ് യാദവ്, ആർ അശ്വിൻ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ബെൻ ഡക്കറ്റ് 153 റൺസെടുത്ത് പുറത്തായി. മറ്റാർക്കും അർദ്ധ സെഞ്ചുറി പോലും നേടാൻ സാധിച്ചില്ല.

മികച്ച ലീഡുമായി രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ ഇന്ത്യ ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ചുറിയുടെ പിൻബലത്തിലും ഗില്ലിന്റെയും സര്ഫറാസിന്റെയും തകർപ്പൻ അർദ്ധ സെഞ്ചുറികളുടെ പിൻബലത്തിലും നേടിയത് 4 വിക്കറ്റ് നഷ്ടത്തിൽ 430 റൺസ്. ഇംഗ്ലണ്ടിന് ഇന്ത്യൻ ബാറ്ററുമാർക്ക് ചുമ്മാ പന്തെറിയുക എന്ന ജോലി മാത്രമേ ഉണ്ടായിരുന്നോള്ളൂ. അത്ര ആധിപത്യത്തിലാണ് ഇന്ത്യ ബാറ്റ് ചെയ്തത്.

Read more

ഒരിക്കലും മറികടക്കാൻ സാധിക്കാത്ത ലക്ഷ്യത്തിന് മുന്നിൽ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി.. 33 റൺ എടുത്ത മാർക്ക് വുഡ് ആണ് അവരുടെ ടോപ് സ്‌കോറർ എന്നതിലുണ്ട് ബാക്കി താരങ്ങളുടെ ദയനീയ പ്രകടനം. ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ച്വറി നേടിയ ജഡേജ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് 5 വിക്കറ്റ് നേടിയപ്പോൾ കുൽദീപ്, അശ്വിൻ, ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി ജയം എളുപ്പമാക്കി.