ഏകദിന, ടെസ്റ്റ് ടീമിലെ തന്റെ ഭാവി, വിരമിക്കൽ അപ്ഡേറ്റ് നൽകി രോഹിത് ശർമ്മ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് 2024 ലെ ടി20 ലോകകപ്പ് നേടിയ ഐസിസി ട്രോഫിക്കായുള്ള 11 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടട്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. എന്നിരുന്നാലും, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഫൈനലിന് ശേഷം ട്വൻ്റി 20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ വിജയം കയ്പേറിയ മധുര നിമിഷമായി മാറി. രോഹിത്തിനെ സംബന്ധിച്ച് അതുവരെ പല ഐസിസി ടൂർണമെന്റിലെ പടിക്കൽ കലമുടച്ച ഇന്ത്യയുടെ സ്ഥിരം രീതികളിൽ നിന്ന് മാറി കിരീടം നേടാൻ ആയത് അഭിമാന നിമിഷമായി. കപിൽ ദേവിനും എംഎസ് ധോണിക്കും ശേഷം ലോകകപ്പ് ട്രോഫി ഉയർത്തുന്ന ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ ക്യാപ്റ്റനായി താരം മാറി. ടി 20 ക്ക് പിന്നാലെ ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽനിന്നും താരം താമസിക്കാതെ വിരമിക്കുമെന്നാണ് ചിലർ എങ്കിലും വിചാരിച്ചത്. ഇപ്പോഴിതാ രോഹിത് തന്നെ അതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ അവസാനിപ്പിച്ച തന്റെ ഭാഗം പറഞ്ഞിരിക്കുകയാണ്.

ടെക്‌സസിലെ ഡാളസിൽ നടന്ന ഒരു പരിപാടിക്കിടെ, രോഹിത് ശർമ്മയോട് 2027 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന് ചോദിച്ചു. ഭാവിയിലേക്ക് താൻ അത്ര ദൂരെയൊന്നും നോക്കുന്നില്ലെന്നും ആളുകൾ താൻ കുറച്ചുനാൾ കൂടി ഏകദിന, ടെസ്റ്റ് ഫോർമാറ്റുകൾ കളിക്കുന്നത് തുടരുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ, ഏകദിനത്തിൽ നിന്നും ടെസ്റ്റിൽ നിന്നും ഉടൻ വിരമിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.

“ഞാൻ ഭാവിയിലേക്ക് അത്ര ദൂരെയൊന്നും നോക്കുന്നില്ല. ഞാൻ കുറച്ച് നേരം കളിക്കുന്നത് നിങ്ങൾ വ്യക്തമായി കാണും,” രോഹിത് ശർമ്മ ചടങ്ങിൽ പറഞ്ഞു.

അതേസമയം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മ തന്നെ നായകനായേക്കും. രോഹിത് പരമ്പരയിൽ കളിക്കാൻ വിശ്രമം അവസാനിപ്പിച്ച് തിരിച്ചുവരുമെന്നാണ് റിപ്പോർട്ടുകൾ. ടി20 ലോകകപ്പിന് ശേഷം, വിശ്രമത്തിലുള്ള രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും നീണ്ട ഇടവേള എടുത്ത് വർഷാവസാനം ബംഗ്ലാദേശിനെതിരായ പരമ്പരയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, ചാമ്പ്യൻസ് ട്രോഫി വരാനിരിക്കെ ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ മുതിർന്ന കളിക്കാരെ വേണമെന്ന് പുതിയ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ആവശ്യപ്പെട്ടു.

പാകിസ്ഥാനിൽ നടക്കുന്ന മെഗാ ടൂർണമെന്റിന് മുമ്പ് ഇന്ത്യ ആറ് ഏകദിന മത്സരങ്ങൾ മാത്രമേ ഇന്ത്യ കളിക്കൂ. അതിനാൽ സീനിയർ താരങ്ങളെ കളിപ്പിക്കണമെന്ന് ഗംഭീർ ആഗ്രഹിക്കുന്നു. സ്ഥിതിഗതികൾ അനുസരിച്ച്, രോഹിത് പരമ്പരയിൽ സ്വയം ലഭ്യമാക്കാൻ സാധ്യതയുണ്ട്. എന്നാൽ കോഹ്ലിയും ബുംറയും ഇടവേളയിൽ തുടർന്നേക്കും. ഇന്ത്യൻ നായകൻ ഇപ്പോൾ കുടുംബത്തോടൊപ്പം യുഎസിലാണ്.

രോഹിത് കളിക്കുകയാണെങ്കിൽ, അദ്ദേഹം ടീമിനെ നയിക്കുമെന്നതിൽ സംശയമില്ല. പക്ഷേ മറിച്ചാണെങ്കിൽ, സീനിയർ താരം കെഎൽ രാഹുലാണ് നായകനായി തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും യോഗ്യൻ. മറുവശത്ത് ശ്രേയസ് അയ്യരും ഋഷഭ് പന്തും ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഹാർദിക് പാണ്ഡ്യ ഏകദിന പരമ്പര ഒഴിവാക്കുമെന്നാണ് അറിയുന്നത്.