ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: രോഹിത് ശര്‍മ്മയുടെ അഭാവം, സൂപ്പര്‍ താരങ്ങളെ പിന്തള്ളാന്‍ ബംഗാള്‍ ഓപ്പണര്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ബാക്കപ്പ് ഓപ്പണറെക്കായുള്ള ഊര്‍ജിത തിരച്ചിലിലാണ്. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. അതിന് അവരുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വിധി നിര്‍വചിക്കാനാകും.

സ്വന്തം മണ്ണിലെ രണ്ട് സെഞ്ച്വറികളൊഴികെ, ഈ വര്‍ഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ രോഹിതിന് കാര്യമായ സംഭാവനകള്‍ നല്‍കാനായിട്ടില്ല. ”സാഹചര്യം സംബന്ധിച്ച് പൂര്‍ണ്ണമായ വ്യക്തതയില്ല. വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം ആദ്യ രണ്ട് ടെസ്റ്റികളിലൊന്ന് ഒഴിവാക്കേണ്ടിവരാന്‍ സാധ്യതയുണ്ടെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്’ ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

രോഹിത് ശര്‍മ്മയുടെ അഭാവം പെര്‍ത്തില്‍ അഭിമന്യു ഈശ്വരനെ ഓപ്പണ്‍ റോളിലേക്ക് എത്തിക്കാനുള്ള സാധ്യതകളുണ്ട്. നിലവില്‍ താരം തകര്‍പ്പന്‍ ഫോമിലാണ്, രഞ്ജി ട്രോഫിയില്‍ മറ്റൊരു സെഞ്ച്വറിയുമായി താരം സമയോചിതമായ ഓര്‍മ്മപ്പെടുത്തല്‍ നടത്തി. തിങ്കളാഴ്ച ലഖ്നൗവില്‍ ഉത്തര്‍പ്രദേശിനെതിരെ ബംഗാള്‍ ഓപ്പണര്‍ തന്റെ 27-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടി.

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഈശ്വരന് ഇന്ത്യന്‍ സംഘത്തില്‍ ഇടം ലഭിച്ചില്ല. ബംഗാള്‍ ബാറ്റര്‍ തന്റെ ആധിപത്യ ഫോം തുടര്‍ന്നാലത് ഓസ്ട്രേലിയന്‍ പര്യടനത്തിലെ താരത്തിന്റെ സാധ്യതകളെ കൂടുതല്‍ ശക്തിപ്പെടുത്തും.

Read more