ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ശിഖർ ധവാൻ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ശിഖർ തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്. ഓപ്പണിങ് ബാറ്റർ എന്ന നിലയിൽ ഇന്ത്യയെ അനേകം വിജയങ്ങളിലേക്ക് നയിച്ച ഇന്നിങ്‌സുകൾ കളിച്ചിട്ടുള്ള താരത്തിന്റെ പെട്ടെന്നുള്ള തീരുമാനം എന്തായാലും ആരാധകർക്ക് ഞെട്ടലുണ്ടാക്കി എന്ന് പറയാം.
ഓസ്ട്രേലിയക്കെതിരെ 2010-ൽ ഇന്ത്യക്കായി ആദ്യ ഏകദിനം കളിച്ച ശിഖർ 2013 മാർച്ച് 14-ന് ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റിന്റെ മൂന്നാം ദിവസം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിഗ്സിൽ 85 പന്തിൽ 100 റൺസ് കടന്ന ശിഖർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ ശിഖർ ധവാന്റെ വിരമിക്കലിന് ശേഷം ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഹൃദയസ്പർശിയായ ഒരു സന്ദേശം എഴുതി രംഗത്ത് വന്നിരിക്കുകയാണ്. താരത്തിന്റെ പാരമ്പര്യം ആരാധകരുടെയും ടീമംഗങ്ങളുടെയും ഹൃദയങ്ങളിൽ എന്നെന്നേക്കുമായി പതിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശരിക്കുമൊരു ബിഗ് മാച്ച് പ്ലയർ തന്നെ ആയിരുന്നു ധവാൻ എന്നത് ചില കണക്കുകൾ പറയും. ചെറിയ പരമ്പരകളിൽ തിളങ്ങുന്നതിനേക്കാൾ ഉപരി ഏഷ്യ കപ്പ്, ഐസിസി ടൂർണമെന്റ് എന്നിവയിലൊക്കെ ആയിരുന്നു താരം കൂടുതലായി തിളങ്ങിയിരുന്നത്. വലിയ മത്സരം വരുമ്പോൾ കളി മറക്കുന്ന താരങ്ങളിൽ നിന്ന് വ്യത്യസ്തനായി ചാമ്പ്യൻസ് ട്രോഫി 2013 ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ്, 2015ലെ ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ്, ചാമ്പ്യൻസ് ട്രോഫി 2017-ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ്, 2018 ഏഷ്യാ കപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് എന്നിവ എല്ലാം ശിഖറിന്റെ നേട്ടങ്ങളാണ്.
2022 ൽ അവസാന ഏകദിനവും 2018 ൽ അവസാന ടെസ്റ്റ് മത്സരവും കളിച്ച ധവാൻ ഇന്ത്യക്കായി 34 ടെസ്റ്റിൽ 2315 റൺസും 167 ഏകദിനങ്ങളിൽ 6793 റൺസും നേടി തിളങ്ങിയിട്ടുണ്ട്. ടി 20 യിൽ ആകട്ടെ 68 മത്സരങ്ങളിൽ 1759 റൺസും നേടിയിട്ടുണ്ട്. സമീപകാലത്ത് അവസരങ്ങൾ കിട്ടാതിരുന്ന ധവാൻ ഇനി ഒരു തിരിച്ചുവരവിന് അവസരം ഇല്ലെന്ന് ഉറപ്പിച്ച് തന്നെ തീരുമാനം എടുക്കുക ആയിരുന്നു.
സച്ചിന്റെ വൈറൽ കുറിപ്പ് ഇങ്ങനെയാണ്- “ശിഖർ ധവാൻ, ക്രിക്കറ്റ് ഫീൽഡ് തീർച്ചയായും നിങ്ങളുടെ ഊർജം മിസ് ചെയ്യും. നിങ്ങളുടെ പുഞ്ചിരിയും ശൈലിയും കളിയോടുള്ള നിങ്ങളുടെ സ്നേഹവും എല്ലായ്പ്പോഴും മാതൃകയാക്കിയ ഒന്നാണ്. നിങ്ങളുടെ ക്രിക്കറ്റ് കരിയറിലെ പേജ് മറിക്കുമ്പോൾ, നിങ്ങളുടെ പൈതൃകം എന്നെന്നേക്കുമായി ആരാധകരുടെയും ടീമംഗങ്ങളുടെയും ഹൃദയങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാണ്. ഇനിയുള്ള ജീവിതത്തിൽ മികച്ചത് സംഭവിക്കട്ടെ.” ഇതിഹാസം കുറിച്ചു.
The cricket field will surely miss your flamboyance, @SDhawan25. Your smile, your style, and your love for the game have always been infectious. As you turn the page on your cricketing career, know that your legacy is forever etched in the hearts of fans and teammates alike.… pic.twitter.com/TR3TvbAj8w
— Sachin Tendulkar (@sachin_rt) August 24, 2024