ക്യാപ്റ്റന്‍ സഞ്ജു വി. സാംസണ്‍ മികച്ച ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടറില്‍. അവസാന പതിനാറില്‍ ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് മറികടന്നാണ് കേരളത്തിന്റെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍ പ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. ചേസ് ചെയ്ത കേരളം 19.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 147 റണ്‍സെടുത്ത് വിജയത്തിലെത്തിച്ചേര്‍ന്നു.
സഞ്ജുവിന്റെ അര്‍ദ്ധ ശതകമാണ് കേരളത്തിന്റെ ജയത്തില്‍ നിര്‍ണായകമായത്. 39 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്ത സഞ്ജു പുറത്താകാതെ നിന്നു. 22 റണ്‍സുമായി ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ മടങ്ങിയെങ്കിലും സഞ്ജുവും മുഹമ്മദ് അസറുദ്ദീനും ക്രീസില്‍ നിന്നപ്പോള്‍ കേരളം അനായാസ ജയത്തിലേക്ക് നീങ്ങി. എന്നാല്‍ 18-ാം ഓവറിന്റെ അവസാന പന്തില്‍ അസറുദ്ദീന്‍ (60, നാല് ബൗണ്ടറി, രണ്ട് സിക്‌സ്) വീണതോടെ കേരളം സമ്മര്‍ദ്ദത്തിലായി. എങ്കിലും സച്ചിന്‍ ബേബിയും (10 നോട്ടൗട്ട്) സഞ്ജുവും ചേര്‍ന്ന മൂന്ന് പന്തുകള്‍ ബാക്കിവെച്ച് കേരളത്തെ വിജയതീരമണച്ചു.
Read more
നേരത്തെ, രാഘവ് ധവാന്‍ (65), പ്രശാന്ത് ചോപ്ര (36) എന്നിവരുടെ പ്രകടനമാണ് ഹിമാചലിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിനു വേണ്ടി എസ്. മിഥുന്‍ രണ്ട് വിക്കറ്റ് പിഴുതു. ബേസില്‍ തമ്പി, മനുകൃഷ്ണന്‍, ജലജ് സക്‌സേന, സജീവന്‍ അഖില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.