സഞ്ജു ഇനി ഇന്ത്യൻ ടീമിൽ ഇല്ല, പകരം കളിക്കേണ്ടത് അവിടെ; ട്വീറ്റിന് പിന്നാലെ ചർച്ചകൾ സജീവം

ബുധനാഴ്ച നടന്ന ബംഗ്ലാദേശിനെതിരായ ടി20 ഐ മത്സരത്തിൽ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ നടത്തിയ മോശം ബാറ്റിങ്ങും അദ്ദേഹത്തെക്കുറിച്ചുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങളുമൊക്കെയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. മൂന്ന് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിലെ രണ്ടാം മത്സരത്തിന് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് ആതിഥേയത്വം വഹിച്ചത്.

അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണിംഗിന് ഇറങ്ങിയ സഞ്ജു വളരെ പോസിറ്റീവായിട്ടാണ് തുടങ്ങിയത്. രാജസ്ഥാൻ റോയൽസ് (ആർആർ) നായകൻ താൻ നേരിട്ട രണ്ടാം പന്തിൽ ബൗണ്ടറി പറത്തി, തൊട്ടുപിന്നാലെ മറ്റൊന്ന് കൂടി പറത്തി മികച്ച ഫോമിൽ ആണെന്ന് കാണിച്ചതുമാണ്. എന്നാൽ വീണ്ടും അമിതാത്മവിശ്വാസം താരത്തെ ചതിച്ചു. 10 റൺസ് നേടി ബംഗ്ലദേശ് നായകൻ നജ്മുൽ ഹൊസൈൻ ഷാൻ്റോയുടെ ക്യാച്ച് ആയി ടസ്‌കിൻ അഹമ്മദിന് വിക്കറ്റ് നൽകി താരം മടങ്ങുക ആയിരുന്നു

അദ്ദേഹത്തിൻ്റെ പ്രകടനങ്ങളിൽ കടുത്ത ആരാധകർ അടക്കം നിരാശരായിരുന്നു, കഴിഞ്ഞ ടി20യിലും ലഭിച്ച തുടക്കം മുതലെടുക്കുന്നതിൽ കേരള ബാറ്റർ പരാജയപ്പെട്ടു. ചില പ്രതികരണങ്ങൾ ഇങ്ങനെ:

“പന്ത് ഒന്നും എന്തായാലും ഇങ്ങനെയുള്ള അവസരം നശിപ്പിക്കില്ല. ഒരു 40 റൺ പോലും നേടിയില്ല എന്ന് പറയുമ്പോൾ അത് അംഗീകരിക്കാൻ സാധിക്കില്ല” ഒരു വ്യക്തി ട്വിറ്ററിൽ പറഞ്ഞു.

“സഞ്ജു സാംസൺ അവസരങ്ങൾ പാഴാക്കിയാൽ, ആരാധകർ ഉടൻ തന്നെ ‘ജസ്റ്റിസ് ഫോർ ടീം ഇന്ത്യ’ ട്രെൻഡ് കൊണ്ടുവരും” മറ്റൊരു ഉപയോക്താവ് പരിഹസിച്ചു.

“ഇനി മുതൽ രാജസ്ഥാൻ റോയൽസിനായി കളിക്കുക, ഇന്ത്യൻ ടീമിന്റെ പരിസരത്ത് അടുക്കരുത്.” മറ്റൊരാൾ എഴുതി.

എന്തായാലും കിട്ടിയ അവസരം നശിപ്പിച്ച സ്ഥിതിക്ക് ഇനി മൂന്നാം മത്സരത്തിൽ അവസരം കിട്ടുമോ എന്നുള്ളത് കണ്ടറിയണം.