'സഞ്ജുവിന്റെ ഫീല്‍ഡിംഗ് പോര, പകരം ജയ്‌സ്വാളിനെ ഇറക്കണം'; നിലപാടില്‍ മലക്കം മറിഞ്ഞ് ഹര്‍ഭജന്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തണമെന്ന തന്റെ നിലപാടില്‍ മലക്കം മറിഞ്ഞ് ഹര്‍ഭജന്‍ സിംഗ്. സഞ്ജുവിനെയല്ല യശ്വസി ജയ്‌സ്വാളിനെ ഇന്ത്യ പ്ലെയിംഗ് ഇലവനിലേക്ക് പരിഗണിക്കണമെന്നാണ് ഹര്‍ഭജന്‍ ഇപ്പോള്‍ പറയുന്നത്. അതിന് താരം ചൂണ്ടിക്കാട്ടിയ കാരണമാണ് വിചിത്രം. സഞ്ജുവിന് ജയ്‌സ്വാളിന്റെ അത്ര ഫീല്‍ഡിംഗ് മികവ് ഇല്ലെന്നാണ് ഹര്‍ഭജന്റെ കണ്ടെത്തല്‍.

യശസ്വി ജയ്സ്വാളിനെ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിലേക്കു കൊണ്ടുവരേണ്ട സമയമായിരിക്കുകയാണ്. സഞ്ജു സാംസണല്ല ആദ്യം ടീമിലെത്തേണ്ടത്. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ തന്നെ റിഷഭ് പന്തുണ്ട്. അദ്ദേഹത്തിനു പകരം നിങ്ങള്‍ക്കു സഞ്ജുവിനെ കളിപ്പിക്കാനും കഴിയില്ല. ജയ്സ്വാളിന്റെയത്ര മികച്ച ഫീല്‍ഡറാണ് സഞ്ജുവെന്നു എനിക്കു തോന്നുന്നില്ല. ബാറ്ററെന്ന നിലയില്‍ സഞ്ജു കേമനമാണ്- ഹര്‍ഭജന്‍ വ്യക്തമാക്കി.

ഓസ്ട്രേലിയയുമായുള്ള സൂപ്പര്‍ എട്ട് മല്‍സരവും സെമിയും ഫൈനലുമാണ് ടൂര്‍ണമെന്‍റില്‍ ഇനി ഇന്ത്യക്കു മുന്നിലുള്ളത്. നിലവിലെ സാചര്യത്തില്‍ ഇന്ത്യ ടീമിലൊരു മാറ്റത്തിന് മുതിര്‍ന്നേക്കില്ല. അതിനാല്‍ത്തന്നെ സഞ്ജുവിനെയും ജയ്‌സ്വാളിനെയും ഇന്ത്യ ഇനി കളിപ്പിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.

സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. സെന്റ് വിന്‍സന്റിലെ ഡാരന്‍ സമി ദേശീയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ടിനാണ് മത്സരം. സെമി ഫൈനലിലേക്കുള്ള പ്രവേശനം ഉറപ്പിക്കണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് ജയിക്കണം. തോല്‍ക്കുന്ന പക്ഷം, ചൊവ്വാഴ്ച നടക്കുന്ന അഫ്ഗാനിസ്താന്‍-ബംഗ്ലാദേശ് മത്സരത്തെ ആശ്രയിച്ചിരിക്കും സാധ്യത.