2024ലെ ഇന്ത്യയിലെ അടുത്ത പ്രധാന ആഭ്യന്തര ക്രിക്കറ്റ് ഇവന്റ് ഇറാനി കപ്പാണ്. നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മുംബൈ റെസ്റ്റ് ഓഫ് ഇന്ത്യയുമായി മത്സരിക്കും. ഒക്ടോബര്‍ ഒന്നിന് ലഖ്നൗവിലെ ഭാരതരത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയി ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന ഏറ്റുമുട്ടലിന് മുന്നോടിയായി ബിസിസിഐ ടീമുകളെ പ്രഖ്യാപിച്ചു.
റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡില്‍ വളരെ വലിയ ചില പേരുകള്‍ ഉണ്ടെങ്കിലും, ശ്രദ്ധേയമായ ഒരു ഒഴിവാക്കല്‍ മലയാളി വിക്കറ്റ് കീപ്പര്‍-ബാറ്ററായ സഞ്ജു സാംസണാണിന്റേതായിരുന്നു. ഇഷാന്‍ കിഷനും ധ്രുവ് ജുറേലുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിന്റെ ഭാഗമായിരിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞതിനെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദുലീപ് ട്രോഫിയില്‍ ഒരു സെഞ്ച്വറിയടക്കം നേടി മിന്നിച്ചിട്ടും എന്തുകൊണ്ട് സഞ്ജുവിനെ ടീമിലെടുത്തില്ലെന്നാണ് ആരാധകരുടെ ചോദ്യം.
എന്നാല്‍ സഞ്ജുവിനെ ടീമിലെടുക്കാത്തതിന് പിന്നിലെ കാരണം അറിഞ്ഞാല്‍ ഈ വിമര്‍ശകര്‍ വാപൊത്തും. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് വിളിയെത്തുന്നതിനാലാണ് സഞ്ജുവിനെ ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലേക്ക് തിരഞ്ഞെടുക്കാത്തത്. ഒക്ടോബര്‍ ആറിനു രാത്രി ഏഴു മുതല്‍ ഗ്വാളിയോറിലാണ് ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരം നടക്കാനിരിക്കുന്നത്. ഒക്ടോബര്‍ 1-5 വരെയാണ് ഇറാനി കപ്പ് മത്സരം നടക്കുന്നത്. അതിനാല്‍ തന്നെ ഇറാനി കപ്പില്‍ കളിക്കുന്നവരൊന്നും തന്നെ ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീമില്‍ കാണില്ലെന്നുറപ്പാണ്.
റിങ്കു സിംഗ്, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്നോയ് എന്നിവരെ പോലെ ഇന്ത്യന്‍ ടി20 ഐ ലീഗില്‍ സ്ഥിരം കളിക്കുന്ന കളിക്കാരെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ഇതിനെ കൂടുതല്‍ പിന്തുണയ്ക്കുന്നു. 2024ലെ ഇറാനി കപ്പിനുള്ള മുംബൈ ടീമില്‍ ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇല്ല.
ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ സഞ്ജു ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറും ധ്രുവ് ജുറേല്‍ ബാക്കപ്പുമാവാനാണ് സാധ്യത. കാരണം റിഷഭ് പന്തിനു ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.