ഐപിഎല്‍ കിരീടം ആര്‍ക്കെന്ന് പ്രവചിച്ച് സെവാഗ്

ഐപിഎല്ലിന്റെ 11ാം എഡിഷന്‍ കിരീടം ആര്‍ക്കെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. ഐപിഎല്ലില്‍ ഇതുവരെ കിരീടം സ്വന്തമാക്കാത്ത കിംഗ്്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നീ ടീമുകളിലേതെങ്കിലും കിരീടം സ്വന്തമാക്കുമെന്നാണ് സെവാഗിന്റെ പ്രവചനം.

നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറാണ് സെവാഗ്. ഇത്തവണ ശക്തമായ ടീമിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് അണിനിരത്തുമെന്നും സെവാഗ് വ്യക്തമാക്കി. താരലേലത്തിനായി വ്യക്തമായ പദ്ധതി ടീമിനുണ്ടെന്നും വീരു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഐപിഎല്ലിന്റെ പുതിയ സമയക്രമം പ്രഖ്യാപിച്ചത്. ഏപ്രില്‍ ഏഴ് മുതല്‍ മെയ് 27 വരെയാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. ഐ പി എല്‍ കമ്മീഷണര്‍ രാജീവ് ശുക്ലയാണ് ഇക്കാര്യം മാധ്യമേെങ്ങള അറിയിച്ചത്.

അതെസമയം പതിവിന് വിപരീതമായി സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. വൈകിട്ട് നാലിന് നടന്നിരുന്ന മത്സരം 5.30നും എട്ട് മണിക്ക് നടന്നിരുന്ന മത്സരം ഏഴ് മണിയ്ക്കും നടക്കും.

ഏപ്രില്‍ ഏഴിന് മുബൈയിലാണ ആദ്യ മത്സരം നടക്കുക. മെയ് 27ന് മുംബൈ തന്നെയാണ് ഫൈനലും നടക്കുന്നത്. ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ ആറിന് മുംബൈയില്‍ വെച്ചുതന്നെ നടക്കും.

നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ ഐ പി എല്‍ വരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഐ പി എല്‍ സംപ്രേക്ഷണാവകാശം നേടിയെടുത്ത സ്റ്റാര്‍ നെറ്റ്വര്‍ക്ക് വിവിധ പരിപാടികളാണ് ഐ പി എല്ലിനോടനുബന്ധിച്ച് സംപ്രേക്ഷണം ചെയ്യുക.