അവനെ എത്രയും വേഗം നാട്ടിലേക്ക് തിരിച്ച് അയക്കുക, എന്റെ ടീമിൽ അവൻ വേണ്ട; ധോണി കലിതുള്ളിയ സംഭവം വിവരിച്ച് രവിചന്ദ്രൻ അശ്വിൻ

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ നിന്ന് മലയാളി താരം എസ് ശ്രീശാന്തിനെ നാട്ടിലേക്ക് തിരിച്ചയക്കാൻ ധോണി ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തി ഇന്ത്യൻ താരം ആർ അശ്വിൻ. തൻറെ ആത്മകഥയായ Have The Streets- A Kutty Cricket Story എന്ന പുസ്തകത്തിലാണ് ആ സമയത്ത് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ചത്.

അശ്വിൻ അന്നത്തെ സംഭവുമായി ബന്ധപ്പെട്ട് പറയുന്നത് ഇങ്ങനെ:

“ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ പോർട്ട് എലിസബത്തിൽ നടന്ന മത്സരത്തിൽ ഞാനും ശ്രീശാന്തും ഉൾപ്പെടെയുള്ള താരങ്ങൾ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നില്ല. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ റിസേർവ് നിരയിൽ ഉള്ള താരങ്ങൾ ഡഗ് ഔട്ടിൽ ഉണ്ടാകണം എന്ന നിർദേശം ധോണി പറഞ്ഞിരുന്നു. മത്സരത്തിനിടെ വെള്ളം കൊടുക്കാനായി ഞാൻ പല തവണ ഗ്രൗണ്ടിൽ ഇറങ്ങി. ആ സമയങ്ങളിൽ ഒകെ ധോണി പല തവണ ശ്രീശാന്തിന്റെ കാര്യം എന്നോട് ചോദിച്ചു. ശ്രീ എവിടെ ആണെന്നും അവനെ കണ്ടില്ലലോ എന്നും ചോദിച്ചു. ധോണിയുടെ മുഖത്ത് നോക്കി അവനോട് എന്തെങ്കിലും പറയാൻ പേടി ആയിരുന്നു. അവൻ ഡ്രസിങ് റൂമിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ എത്രയും വേഗം അവനോട് ഡഗ് ഔട്ടിൽ ഇരിക്കാനാണ് ധോണി ആവശ്യപ്പെട്ടതും. എന്നോട് അത് പറയാൻ പറയുകയും ചെയ്തു.”

“ഒരു രാജ്യാന്തര മത്സരത്തിൽ വിക്കറ്റ് കീപ്പറായി നിൽക്കുന്നതിനിടെ ശ്രീ റിസർവ് താരങ്ങളുടെ കൂടെയില്ലെന്നത് ധോണി എങ്ങനെയാണ് ശ്രദ്ധിച്ചതെന്ന് ഞാൻ അത്ഭുതപ്പെട്ടു. തിരിച്ചെത്തിയ ഉടനെ തന്നെ ഞാൻ മുരളി വിജയിയോട്‌ ധോണി പറഞ്ഞ കാര്യം പറയുകയും ശ്രീശാന്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തു. ശ്രീയോട് ഞാൻ തന്നെ പറയാൻ ആയിരുന്നു മുരളി പറഞ്ഞത്. ശേഷം ശ്രീയുടെ അടുക്കലെത്തി ആദ്യം ഈ കാര്യം പറഞ്ഞപ്പോൾ നിനക്ക് തന്നെ വെള്ളം കൊടുക്കാൻ മടിയാണോ എന്നാണ് ചോദിച്ചത്. ധോണി പറഞ്ഞ കാര്യം പറഞ്ഞപ്പോൾ “നീ പൊയ്ക്കോ ഞാൻ വന്നോളാം എന്ന മറുപടിയാണ്’ ശ്രീ പറഞ്ഞത്.” അശ്വിൻ പറഞ്ഞു

“കുറച്ച് കഴിഞ്ഞ്‍ ധോണിക്ക് ഹെൽമെറ്റുമായി ഞാൻ ഗ്രൗണ്ടിലേക്ക് പോയി. ആ സമയം ഞാൻ ഒന്നും മിണ്ടിയില്ല. എന്നാൽ ധോണിയുടെ മുഖത്ത് ദേഷ്യവും കാണാമായിരുന്നു. ശ്രീയെ നോക്കിയിട്ട് കാണാത്തതിനാൽ തന്നെ അടുത്ത തവണ ഞാൻ ചെന്നപ്പോൾ ശ്രീക്ക് ഉള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ ടീം മാനേജരോട് പറയാനാണ് ധോണി പറഞ്ഞത്. ഞാൻ പേടിച്ച് ധോണിയെ നോക്കിയപ്പോൾ നിനക്ക് ഇംഗ്ലീഷ് പറഞ്ഞത് മനസിലായില്ലേ, പോയി ടീം മാനേജരോട് പറയാൻ ധോണി ദേഷ്യത്തിൽ പറഞ്ഞു.” അശ്വിൻ കുറിച്ചു.

” തിരികെ എത്തി ഞാൻ ഓടി ധോണി പറഞ്ഞ കാര്യം ശ്രീശാന്തിനെ അറിയിച്ചു. അത് കേട്ട ഉടൻ വേഗം വസ്ത്രം മാറി ശ്രീ ഡഗ് ഔട്ടിലേക്ക് വന്നു. അടുത്ത തവണ ഡ്രിങ്ക്സ് ബ്രേക്കിൽ ശ്രീ തന്നെയാണ് വെള്ളവുമായി എന്നോടൊപ്പം ആദ്യം ഗ്രൗണ്ടിലേക്ക് ഓടിയത്. ശ്രീയുടെ കൈയിൽ നിന്ന് വെള്ളം പോലും മേടിക്കാൻ കൂട്ടാക്കാതിരുന്ന ധോണി  എന്നോട് ടീം മാങ്ങേരോട് ശ്രീയുടെ മടക്കയാത്രയെക്കുറിച്ച് സംസാരിച്ചോ എന്നാണ് ചോദിച്ചത്. എന്തായാലും ഏറെ പരിണപെട്ടാണ് ഈ പ്രശ്നം തീർത്തത്.” അശ്വിൻ എഴുതി.