ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മില്‍ നടക്കുന്ന ഇറാനി കപ്പിന്റെ രണ്ടാം ദിനത്തിന് ശേഷം ടീം ഇന്ത്യ ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താക്കൂര്‍ പനി ബാധിച്ചിരുന്നുവെങ്കിലും ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടീമിനായി ബാറ്റ് ചെയ്തിരുന്നു.

59 പന്തില്‍ 36 റണ്‍സ് നേടിയ അദ്ദേഹം മുംബൈയെ 500 റണ്‍സ് മറികടക്കാന്‍ സഹായിച്ചു. അവസാന ഓവറില്‍ സരന്‍ഷ് ജെയിന്‍ വിക്കറ്റ് നല്‍കുന്നതിന് മുമ്പ് അദ്ദേഹം നാല് ഫോറും ഒരു സിക്‌സും പറത്തി. മോശം അവസ്ഥ കാരണം, ഇന്നിംഗ്സിനിടെ അദ്ദേഹം ഇടവേള എടുക്കുകയും ടീമിന്റെ മെഡിക്കല്‍ സ്റ്റാഫ് പതിവായി പരിശോധിക്കുകയും ചെയ്തു.

താക്കൂറിനെ ഒരു ദിവസത്തേക്ക് ആശുപത്രിയില്‍ കിടത്തും. മത്സരത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് ഡോക്ടര്‍മാര്‍ അന്തിമ തീരുമാനമെടുക്കും.

”അയാള്‍ക്ക് സുഖമില്ലായിരുന്നു, ദിവസം മുഴുവന്‍ കടുത്ത പനി ഉണ്ടായിരുന്നു. ഇതാണ് ഇന്നിംഗ്സില്‍ വൈകി ബാറ്റ് ചെയ്യാന്‍ കാരണം. മരുന്ന് കഴിച്ച് ഡ്രസിംഗ് റൂമിലാണ് ശാര്‍ദുല്‍ താക്കൂര്‍ ഉറങ്ങിയത്. അവന്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ചു. അവന്റെ രക്തപരിശോധന നടത്തി. ഫലങ്ങള്‍ കാത്തിരിക്കുന്നു. അതുവരെ അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരും,” ടീം വൃത്തങ്ങള്‍ പറഞ്ഞു.

ജൂണ്‍ 12-ന് ലണ്ടനില്‍ കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ശാര്‍ദുല്‍ അടുത്തിടെയാണ് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ശാര്‍ദുല്‍ കളിക്കാന്‍ സാധ്യതയില്ല. എന്നിരുന്നാലും, ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചേക്കും.