ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് ജയം. ബാറ്റര്‍മാരുടെ ശവപ്പറമ്പായി മാറിയ നസൗവ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക മൂന്നക്കം കടന്നില്ല. വെറും 77 റണ്‍സിനാണ് ലങ്കന്‍ ടീം കൂടാരംകയറിയത്. മറുവശത്ത് അനായാസ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക കഷ്ടപ്പെട്ട് 16.2 ഓവറിലാണ് ലക്ഷ്യം മറികടന്നത്.
27 ബോളില്‍ ഒരു സിക്സ്സിന്‍റെ അകമ്പടിയില്‍ 20 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. റീസാ ഹെന്‍ഡ്രിക്‌സ് 4, എയ്ഡന്‍ മാര്‍ക്രം 12, ട്രിസ്റ്റന്‍ സ്റ്റബ്‌സ് 13, ക്ലാസെന്‍ 19*, മില്ലര്‍ 6* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ലങ്കയ്ക്കായി ഹസരങ്ക രണ്ടും ദസന്‍ ഷനക, നുവാന്‍ തുഷാര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
30 ബോളില്‍ 19 റണ്‍സെടുത്ത സുശാന്‍ മെന്‍ഡീസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. കമിന്ദു മെന്‍ഡിസ് 11, എയ്ഞ്ചലോ മാത്യൂസ് 16 എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ദക്ഷിണാഫ്രിക്കായി ആന്റിച്ച് നോര്‍ജെ നാല് വിക്കറ്റ് വീഴ്ത്തി. കേശവ് മഹാരാജ്, കഗിസോ റബാഡ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബാര്‍ട്ട്മാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.
ഫാസ്റ്റ് ബോളര്‍മാര്‍ക്കു മികച്ച സ്വിങും ബൗണ്‍സുമെല്ലാം നല്‍കിയ പിച്ച് സ്പിന്നര്‍മാരെയും കൈവിടാതെ വന്നതോടെ ബാറ്റര്‍മാര്‍ ശരിക്കും പാടുപെട്ടു. ഔട്ട്ഫീല്‍ഡ് സ്ലോയായതു കാരണം ഗ്രൗണ്ട് ഷോട്ടുകള്‍ ബൗണ്ടറിയിലെത്താതെ പാതിയില്‍ നിന്നപ്പോള്‍ വായുവിലൂടെയുള്ള റിസ്‌ക്കി ഷോട്ടുകള്‍ മാത്രമാണ് സിക്സറിലോ, ഫോറിലോ കലാശിച്ചത്.