ഒരോവറില്‍ ഏഴ് സിക്‌സ്; അമ്പരപ്പിച്ച് ലങ്കന്‍ താരം

ക്രിക്കറ്റ് ലോകത്തെ സംഹാരികളായ താരങ്ങളുടെ കസേരയിലേക്ക് കയറിയിരിക്കുകയാണ് ശ്രീലങ്കയുടെ അണ്ടര്‍ 15 താരം. ഒരോവറില്‍ ഏഴ് സിക്‌സ് അടിച്ചാണ് 15കാരനായ നവീന്ദു പഹസാരയുടെ അത്ഭുത പ്രകടനം. ഹിക്കാഡുവ ശ്രീ സുമംഗള സ്റ്റേഡിയത്തില്‍ ആണ് മത്സരം നടന്നത്.

ആറു പന്തുകള്‍ക്ക് പുറമേ നോബോളില്‍ കിട്ടിയ അധിക പന്ത് കൂടി പഹസാരെ സിക്‌സ് അടിക്കുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ക്രിക്കറ്റ് താരം ഈ നേട്ടം സ്വന്തമാക്കുന്നത്.

സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും, ഫൗണ്ടേഷന്‍ ഓഫ് ഗുഡ്‌നസും ചേര്‍ന്ന് സംഘടിപ്പിച്ച മുരളി ഗുഡ്‌നസ് കപ്പിന്റെ ഫൈനലിലായിരുന്നു നവീന്ദുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. രേവത കോളേജ് ബാലപിടിയയ്ക്ക് വേണ്ടിയാണ് നവീന്ദു പഹസാരെ ബാറ്റ് ചെയ്തത്. ഇതോടെ മത്സരത്തില്‍ സെഞ്ച്വറി നേടിയ താരം തന്റെ ടീമിനായി മികച്ച സ്‌കോറും സമ്മാനിച്ചു.

2007 ലെ ഏകദിന ലോകകപ്പില്‍ ഹെര്‍ഷല്‍ ഗിബ്‌സും അതേ വര്‍ഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പില്‍ യുവരാജ് സിംഗും ഓവറിലെ ആറു പന്തുകള്‍ സിക്‌സറിന് പറത്തി ക്രിക്കറ്റ് ലോകത്ത അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ ഏഴ് സിക്‌സ് അടിച്ച താരം എന്ന റെക്കോര്‍ഡ് ഇതോടെ ലങ്കന്‍ യുവതാരത്തിന്റെ പേരിലായി.