ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം നോക്കിയാല്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് സ്റ്റുവര്‍ട്ട് ബിന്നി. 2014- ല്‍ ധാക്കയില്‍ നടന്ന ഏകദിനത്തില്‍ ബംഗ്ലദേശിനെതിരെ വെറും നാലു റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ബിന്നിയെ ഈ നേട്ടത്തിലെത്തിച്ചത്. ഇന്നലെ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റ് തുന്നംപാടിയപ്പോള്‍ ഈ ബോളിംഗ് പ്രകടനമാണ് ക്രിക്കറ്റ് പ്രേമികള്‍ അനുസ്മരിച്ചത്.
അന്നത്തെ ആ പഴയ പ്രകടനത്തിന്‍റെ വീഡിയോ കാണുമ്പോള്‍ തനിക്ക് ഇപ്പോഴും രോമാഞ്ചമുണ്ടാകുമെന്ന് ബിന്നി തന്നെ ഒരിക്കല്‍ തുറന്നുപറയുകയുണ്ടായി. . ‘അന്നത്തെ ആ മത്സരത്തിന്റെ വീഡിയോ കാണുമ്പോള്‍ സത്യമായും ഇപ്പോഴും എനിക്ക് രോമാഞ്ചമുണ്ടാകും. അതിനേക്കാള്‍ മികച്ചൊരു ദിവസം ജീവിതത്തിലുണ്ടാകുമോ?’
‘നമുക്ക് ഒട്ടും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പറ്റാതെ പോയ മത്സരമായിരുന്നു അത്. അതുകൊണ്ടു തന്നെ ആദ്യത്തെ പന്തു മുതല്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ധാക്കയിലെ ആ വിക്കറ്റ് അത്ര മോശമൊന്നുമായിരുന്നില്ല. പക്ഷേ, മഴ എല്ലാം മാറ്റിമറിക്കുകയായിരുന്നു’ ബിന്നി പറഞ്ഞു.
അന്നത്തെ ബംഗ്ലാദേശ് പര്യടനത്തില്‍ റെയ്‌നയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. ആദ്യ ഏകദിനം ഇന്ത്യ ജയിച്ചു. മഴ കാരണം 41 ഓവറായി ചുരുക്കിയ രണ്ടാം മത്സരത്തില്‍ ഇന്ത്യ 25.3 ഓവറില്‍ വെറും 105 റണ്‍സിന് എല്ലാവരും പുറത്തായി. അനായാസ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് ബിന്നിയുടെ ബോളുകള്‍ക്ക് മുന്നില്‍ പതറുകയായിരുന്നു.
ബിന്നി ബോളിംഗില്‍ മാന്ത്രികം കാട്ടിയപ്പോള്‍ ബംഗ്ലാദേശ് 17.4 ഓവറില്‍ 58 റണ്‍സിന് എല്ലാവരും പുറത്തായി. 4.4 ഓവറില്‍ നാലു റണ്‍സ് മാത്രം വഴങ്ങി ബിന്നി വീഴ്ത്തിയത് ആറു വിക്കറ്റ്.