'നന്ദി രോഹിത്, ആ ഫോണ്‍ കോളിന്'; ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ നായകനോട് ദ്രാവിഡ് പറഞ്ഞത് വെളിപ്പെടുത്തി സൂര്യകുമാര്‍

രണ്ടാം ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചതിന് ശേഷം രോഹിത് ശര്‍മ്മയോട് വികാരാധീനനായി നന്ദി പറഞ്ഞ് രാഹുല്‍ ദ്രാവിഡ്. സൂര്യകുമാര്‍ യാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏകദിനത്തിലെ ടീമിന്റെ ദയനീയ പരാജയത്തെത്തുടര്‍ന്ന് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ച ദ്രാവിഡിനെ ആ തീരുമാനത്തില്‍നിന്നും പുറത്തുകൊണ്ടുവന്നത് രോഹിത്താണെന്നും താരത്തിന്റെ ഫോണ്‍കോളാണ് ടി20 ലോകകപ്പ് വരെ തുടരാന്‍ ദ്രാവിഡിനെ പ്രേരിപ്പിച്ചതെന്നും സൂര്യകുമാര്‍ വെളിപ്പെടുത്തി.

ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോക ചാംപ്യന്മാരായതിനു ശേഷം രാഹുല്‍ സാര്‍ രോഹിത് ഭായിയുടെ അടുത്തു വന്ന് നന്ദി അറിയിക്കുകയായിരുന്നു. ‘നന്ദി രോഹിത്, നവംബറിലെ ആ ഫോണ്‍ കോളിന്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കാരണം കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിലേറ്റ പരാജയത്തിനു ശേഷം ദ്രാവിഡ് സാര്‍ കോച്ചായി തുടരാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ രോഹിത്തും ജയ് സാറും (ജയ് ഷാ) ഈ ടി20 ലോകകപ്പ് വരെ കോച്ചായി തുടരണമെന്നു അദ്ദേഹത്തെ നിര്‍ബന്ധിക്കുകയായിരുന്നു- സൂര്യ പറഞ്ഞു.

രോഹിതിന്റെ പ്രചോദനാത്മക ക്യാപ്റ്റന്‍സിയിലും ദ്രാവിഡിന്റെ തന്ത്രപരമായ പരിശീലനത്തിലും ഇന്ത്യ ഐസിസി കിരീടത്തിനായുള്ള 11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. ഫൈനലില്‍ ശക്തരായ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി അവര്‍ ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു.