ടി20 ലോകകപ്പ് 2024: അഫ്ഗാന്റെ സെമി പ്രവേശം, ഇന്ത്യയ്ക്ക് നന്ദിപറഞ്ഞ് താലിബാന്‍

ഐസിസി ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ എത്തിയതിന് പിന്നാലെ ഇന്ത്യക്ക് നന്ദി പറഞ്ഞു താലിബാന്‍ ഭരണകൂടം. അഫ്ഗാന്‍ ടീം ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഐസിസി ടൂര്‍ണമെന്റിന്റെ അവസാന നാലിലെത്തുന്നത്. താലിബാന്‍ ഇന്ത്യയുടെ സംഭാവനകളെ അംഗീകരിക്കുകയും അതിന് നന്ദി അറിയിക്കുകയും ചെയ്തു.

‘അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് ഇന്ത്യ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണക്ക് ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ അതിനെ അഭിനന്ദിക്കുന്നു,’ താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി സുഹൈല്‍ ഷഹീന്‍ വിയോണ്‍ ന്യൂസിനോട് പറഞ്ഞു.

ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ വളര്‍ച്ചയിലും വിജയത്തില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിച്ചു. ഗ്രേറ്റര്‍ നോയിഡ, ലഖ്നൗ, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ അഫ്ഗാനികള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ ഗ്രൗണ്ടുകള്‍ അനുവദിച്ചിരുന്നു. അതോടൊപ്പം ഇന്ത്യന്‍ കമ്പനികളാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവരുടെ കളിക്കാര്‍ സ്ഥിരമായി മത്സരിക്കാറുണ്ട്. അടുത്ത മാസം നോയിഡയിലും കാണ്‍പൂരിലും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ മൂന്ന് മത്സര ഏകദിന, ടി20 പരമ്പര കളിക്കും.