ടി20 ലോകകപ്പ് 2024: സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ഒരു എതിരാളി ഓസ്ട്രേലിയ; മത്സര തിയതി, സ്ഥലം, സമയം.. അറിയേണ്ടതെല്ലാം

ടി20 ലോകകപ്പ് 2024 സൂപ്പര്‍ 8 പോരില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ജൂണ്‍ 24 ന് ഓസ്ട്രേലിയയെ നേരിടും. മത്സരം സെന്റ് ലൂസിയയിലാണ് മത്സരം. ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടിയ്ക്ക് പുറത്ത് ഇന്ത്യ കളിക്കുന്ന ആദ്യ മത്സരം കൂടിയാണിത്. അതിനാല്‍ പിച്ച് എങ്ങനെ കളിക്കുമെന്ന് കാണാന്‍ രസകരമായിരിക്കും. ഇന്ത്യന്‍ സമയം രാവിലെ 6 മണിക്ക് മത്സരം ആരംഭിക്കും.

സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകള്‍ ആരൊക്കെയാണെന്നു ചിത്രം തെളിഞ്ഞിട്ടില്ല. ഗ്രൂപ്പ് രണ്ടില്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പര്‍ 8 മത്സരങ്ങള്‍. മൂന്ന് വീതം മത്സരങ്ങള്‍ കഴിയുമ്പോള്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് കയറും.

ജൂണ്‍ 20നാണ് സൂപ്പര്‍ 8 ലെ ആദ്യ മത്സരം. ജൂണ്‍ 22നാണ് രണ്ടാം മത്സരം. മൂന്നാമത്തെയും അവസാനത്തെയും മത്സരമാണ് ഓസ്‌ട്രേലിയ്‌ക്കെതിരെയുള്ളത്. ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റതിന്റെ പകയുമായിട്ടാവും ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുക.