ടി20 ലോകകപ്പ് 2024: ന്യൂയോര്‍ക്കില്‍ ഇന്ത്യ സെറ്റ്, സന്നാഹത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു

ലോകകപ്പിനു മുന്നോടിയായുള്ള ഏക സന്നാഹ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 62 റണ്‍സ് വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനെ ആയുള്ളു. മഹമ്മദുല്ലയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. താരം 28 ബോളില്‍ 40 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സെടുത്തത്. ഋഷഭ് പന്ത് അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മികച്ച സംഭാവന നല്‍കി.

32 പന്തില്‍ നിന്ന് നാല് വീതം സിക്സും ഫോറുമടക്കം പന്ത് 53 റണ്‍സെടുത്തു. ഹാര്‍ദ്ദിക് 23 പന്തില്‍ നിന്ന് നാല് സിക്സും രണ്ട് ഫോറുമടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ 18 പന്തില്‍ നിന്ന് 31, രോഹിത് 19 പന്തില്‍ 23, ശിവം ദുബെ 16 പന്തില്‍ 14 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ആറ് ബോള്‍ നേരിട്ട താരം ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ബുംറ, സിറാജ്, ഹാര്‍ദ്ദിക്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.