ടി20 ലോകകപ്പ് 2024: അവനെ തഴഞ്ഞ് സഞ്ജുവിന് അവസരം നല്‍കിയാല്‍ അത് നാശത്തിലെ കലാശിക്കൂ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താന്‍

ടി20 ലോകകപ്പില്‍ യശ്വസി ജയ്‌സ്വാളിന് പകരം വിരാട് കോഹ്‌ലിയെ ഓപ്പണറായി പരിഗണിക്കുന്നതിനെതിരെ ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യക്ക് ഓപ്പണിംഗില്‍ ഇടം കൈയന്‍ താരം തീര്‍ച്ചയായും വേണമെന്ന് പത്താന്‍ പറഞ്ഞു. കോഹ്‌ലി ഓപ്പണറായാല്‍ മൂന്നാം നമ്പറില്‍ സഞ്ജു സാംസണെ കളിപ്പിക്കാമെന്ന ചര്‍ച്ചകള്‍ കൊഴുക്കവേയാണ് പത്താന്റെ പരാമര്‍ശം.

ഇന്ത്യക്ക് ഓപ്പണിംഗില്‍ ഇടം കൈയന്‍ താരം തീര്‍ച്ചയായും വരേണ്ടതാണ്. അതുകൊണ്ടുതന്നെ രോഹിത്തിനൊപ്പം ജയ്സ്വാള്‍ ഓപ്പണറാവേണ്ടതാണ്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഓപ്പണറായാല്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറെയാവും പരിഗണിക്കുക. അങ്ങനെ സംഭവിച്ചാല്‍ ഇടം കൈയന്‍ ബാറ്റ്സ്മാന്റെ അഭാവം ടീമിനെ ബാധിക്കും. പ്രത്യേകിച്ച് വലിയ മത്സരങ്ങളില്‍.

ജയ്സ്വാള്‍ ഓപ്പണിംഗില്‍ തകര്‍ത്തടിക്കുന്നതാണ് കോഹ്‌ലിക്കും നല്ലത്. പന്തിന് നല്ല ടേണും സ്വിങ്ങുമുള്ള പിച്ചില്‍ ഇടത്, വലത് കൂട്ടുകെട്ട് വരേണ്ടത് അത്യാവശ്യമാണ്. മിക്ക ടീമുകളും വലം കൈയന്‍മാരെ കുരുക്കാന്‍ ഇടം കൈയന്‍ സ്പിന്നര്‍മാരുമായാവും കളത്തിലിറങ്ങുക- ഇര്‍ഫാന്‍ പറഞ്ഞു.

അതേസമയം, ടി20 ലോകകപ്പിലെ തങ്ങളുടെ ഏക സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ജൂണ്‍ 5 ന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരെയാണ് മെന്‍ ഇന്‍ ബ്ലൂ തങ്ങളുടെ കാമ്പയിന്‍ ആരംഭിക്കുന്നത്.