ടി20 ലോകകപ്പ് 2024: ഇരട്ട പരാജയങ്ങള്‍ക്ക് പിന്നാലെ ക്രിക്കറ്റ് ഇതിഹാസത്തെ സമീപിച്ച് കോഹ്‌ലി

ബുധനാഴ്ച യുഎസ്എയ്ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024 മത്സരത്തിന് മുന്നോടിയായി ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോഹ്ലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. ക്രിക്കറ്റ് ചര്‍ച്ച ചെയ്യാനാണോ സച്ചിനും കോഹ്ലിയും കണ്ടുമുട്ടിയതെന്ന് വ്യക്തമല്ല. എന്നിരുന്നാലും, കോഹ്ലിയുടെ ഫോം കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം സച്ചിന്റെ നിര്‍ദ്ദേശം തേടാനുള്ള സാധ്യതയുണ്ട്.

അയര്‍ലന്‍ഡിനെതിരെയും പാകിസ്ഥാനെതിരെയും ഓപ്പണറായി ഇറങ്ങിയ കോഹ്‌ലി ബാറ്റിംഗില്‍ പരാജയപ്പെട്ടിരുന്നു. രണ്ടു കളില്‍നിന്നുമായി അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി കോഹ്ലി ഫോമിലായിരുന്നു. അതേസമയം, കോഹ്ലി ഉപദേശം തേടിയിട്ടുന്നെങ്കില്‍, ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പണിംഗ് നടത്തുമ്പോള്‍ സച്ചിനെക്കാള്‍ മികച്ച ഒരു ഉപദേശകന്‍ ഉണ്ടാകില്ല.

ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ലോകകപ്പ് 2023 സെമി ഫൈനലിലാണ് സച്ചിനും വിരാട് കോഹ്ലിയും അവസാനമായി ഒരുമിച്ച് കണ്ടത്. അവിടെ കോഹ്ലി തന്റെ 50-ാം ഏകദിന സെഞ്ച്വറി നേടി, ഏറ്റവും കൂടുതല്‍ ഏകദിന അന്താരാഷ്ട്ര സെഞ്ചുറികള്‍ എന്ന സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു. ഈ സെമി ഫൈനല്‍ മത്സരത്തിന് ശേഷം ഇതാദ്യമായാണ് കോഹ്ലിയും സച്ചിനും ഒരുമിക്കുന്നത്.

ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇപ്പോള്‍ അമേരിക്കയിലാണ്. ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അന്ന്് മെന്‍ ഇന്‍ ബ്ലൂ ആറ് റണ്‍സിന് വിജയിച്ചു.