ടി20 ലോകകപ്പ് 2024: 'അവര്‍ക്ക് ഇവിടെ റോളില്ല..'; ആ രാജസ്ഥാന്‍ താരങ്ങളെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് മഞ്ജരേക്കര്‍

ടി20 ലോകകപ്പിനുള്ള പ്ലെയിങ് ഇലവനില്‍നിന്ന് യശസ്വി ജയ്സ്വാളിനെ ഒഴിവാക്കി ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണമെന്ന് മഞ്ജരേക്കര്‍ കരുതുന്നു. അതോടൊപ്പം തങ്ങളുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പര്‍-ബാറ്ററായി ഋഷഭ് പന്തിനെ കളിപ്പിക്കണമെന്നും ഉയര്‍ന്ന പ്രകടന അന്തരീക്ഷത്തിലേക്ക് അദ്ദേഹത്തെ തുറന്നുകാട്ടണമെന്നും മുന്‍ താരം ആവശ്യപ്പെട്ടു. സഞ്ജു സാംസണാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

നിങ്ങള്‍ ബാറ്റിംഗ് ഓര്‍ഡര്‍ നോക്കുമ്പോള്‍, ഓപ്പണിംഗ് ജോഡി രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നിവരായിരിക്കും. നിര്‍ഭാഗ്യവശാല്‍, യശസ്വി ജയ്സ്വാളിന് അവിടെ സ്ഥാനമില്ല, കാരണം വിരാട് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യില്ല. അത് ഞങ്ങള്‍ സ്വീകരിച്ച ഒരു യാഥാര്‍ത്ഥ്യമാണ്.

മൂന്നാം നമ്പറില്‍ നിങ്ങള്‍ക്ക് സൂര്യകുമാര്‍ യാദവും പിന്നെ ഋഷഭ് പന്തും ഉണ്ടാകാം. ടൂര്‍ണമെന്റില്‍ വളരെ നേരത്തെ തന്നെ ഋഷഭ് പന്ത് ആ ഇന്ത്യയ്ക്കായി കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം അവന്‍ ഒരു വലിയ മാച്ച് വിന്നറാണ്.

ഐസിസി ഇവന്റുകളിലെ ഇന്ത്യയുടെ പ്രശ്‌നം സെമിയിലോ ഫൈനലുകളിലോ വിജയിക്കുന്നതിലാണ്. അതിന് അവര്‍ക്ക് അവരുടെ വലിയ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടതുണ്ട്- മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.