ടി20 ലോകകപ്പ് 2024:  ശിവം ദുബെയുടെ ബോളിംഗ് പരിശീലകനായി രോഹിത് ശര്‍മ്മ 

ടി20 ലോകകപ്പിലെ തങ്ങളുടെ ഏക സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ജൂണ്‍ 5 ന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരെയാണ് മെന്‍ ഇന്‍ ബ്ലൂ തങ്ങളുടെ കാമ്പയിന്‍ ആരംഭിക്കുന്നത്.

ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്നോടിയായി, ഇന്ത്യയുടെ ആദ്യ പരിശീലന സെഷന്‍ ഉണ്ടായിരുന്നു. പരിശീലനത്തിന് വിരാട് കോഹ്‌ലിയെ കണ്ടില്ല. താരം വൈകിയാണ് ടീമിനൊപ്പം ചേര്‍ന്നത്. അതേസമയം രോഹിത് ശര്‍മ്മ ശിവം ദുബെയുമായി ബോളിംഗിനെക്കുറിച്ച് ദീര്‍ഘനേരം സംസാരിച്ചു.

ന്യൂയോര്‍ക്കിലെ കാന്തിയാഗ് പാര്‍ക്കിലെ ഡ്രോപ്പ്-ഇന്‍ പിച്ചില്‍ ഒരു ബോളര്‍ എന്ന നിലയില്‍ താന്‍ ലക്ഷ്യമിടേണ്ട മേഖലകളെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ ദുബെയെ ധരിപ്പിച്ചു. ഓള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട ശിവമിന് ഐപിഎല്‍ 2024 ലെ എല്ലാ ഗെയിമുകളിലും സിഎസ്‌കെ ബോളിംഗ് നല്‍കിയില്ല. പതിനേഴാം സീസണില്‍ അദ്ദേഹം ഒരു ഓവര്‍ ബൗള്‍ ചെയ്യുകയും ഒരു വിക്കറ്റ് നേടുകയും ചെയ്തു.

ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്നത്തെ സന്നാഹ മത്സരം നടക്കുന്നത്. ഇന്ത്യയുടെ ലോകകപ്പിനു മുന്നെയുള്ള ഏക സന്നാഹ മത്സരമാണ് ഇത്. മത്സരം ഇന്ന് രാത്രി 8:00 മണിക്ക് ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാം. ഡിസ്നി ഹോട്ട്സ്റ്റാറിലും സ്ട്രീമിങും ഉണ്ടാകും.

ജൂണ്‍ 5 ന് അയര്‍ലന്‍ഡിനെതിരായ തങ്ങളുടെ ഉദ്ഘാടന പോരാട്ടത്തിന് മുന്നോടിയായി ന്യൂയോര്‍ക്കില്‍ കഠിന പരിശീലനത്തിലാണ് ഇന്ത്യന്‍ ടീം. അയര്‍ലണ്ടിനെ നേരിടുന്നതിന് ശേഷം, ജൂണ്‍ 9 ന് പാകിസ്ഥാനുമായി ഏറ്റുമുട്ടുന്നതിനാല്‍ ഇന്ത്യന്‍ ടീമിന് ചെറിയ ഇടവേള മാത്രമേ ഉണ്ടാകൂ. ജൂണ്‍ 12 ന് ഇന്ത്യ ആതിഥേയരായ യുഎസ്എയെ നേരിടും. ജൂണ്‍ 15 ന് കാനഡയ്‌ക്കെതിരായ മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും.