ടി20 ലോകകപ്പ് 2024: 'ഈ ഇന്ത്യന്‍ ടീമിന് വലിയൊരു പോരായ്മയുണ്ട്'; മാച്ച് വിന്നിംഗ് പ്രകടനത്തിന് പിന്നാലെ തുറന്നടിച്ച് ഹാര്‍ദ്ദിക്

അപരാജിത കുതിപ്പുമായി ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചെങ്കിലും ഈ ഇന്ത്യന്‍ ടീമിന് വലിയൊരു പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാര്‍ദ്ദിക് പാണ്ഡ്യ. ബംഗ്ലാദേശിനെതിരായ മത്സരത്തിന് പിന്നാലെയാണ് ടീമിന്റെ ബലഹീന പോയിന്റിലേക്ക് ഹാര്‍ദ്ദിക് വിരല്‍ ചൂണ്ടിയത്. സെമി ഫൈനലില്‍ ഇത് പരിഹാരിക്കാനായില്ലെങ്കില്‍ മുന്നോട്ട് പോക്ക് ബുദ്ധുമുട്ടാകുമെന്നാണ് താരം പറയുന്നത്.

വളരെ മികച്ച ക്രിക്കറ്റാണ് ഞങ്ങള്‍ കാഴ്ചവച്ചത്. ഞങ്ങള്‍ ഒന്നിച്ചുനില്‍ക്കുകയും പ്ലാനുകള്‍ കൃത്യമായി നടപ്പാക്കുകയും ചെയ്തുവെന്നതാണ് എല്ലാത്തിനേക്കാളും പ്രധാനം. ബാറ്റര്‍മാര്‍ കാറ്റ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായി ഞാന്‍ മനസ്സിലാക്കിയിരുന്നു. കാറ്റ് വീശുന്നയിടത്തേക്കു അവര്‍ക്കു അവസരം നല്‍കില്ലെന്നു ഞാന്‍ ഉറപ്പ് വരുത്തുകയും ചെയ്തു.

ഒരു ഗ്രൂപ്പെന്ന നിലയില്‍ ഞങ്ങള്‍ക്കു ഒരുപാട് ഇടങ്ങളില്‍ ഇനിയും മെച്ചപ്പെടാന്‍ സാധിക്കും. വിക്കറ്റുകള്‍ തുടരെ കൈവിടുന്ന പ്രവണത ഞങ്ങള്‍ തിരുത്താനും മെച്ചപ്പെടാനും സാധിക്കും. അതു മാറ്റിനിര്‍ത്തിയാല്‍ ഞങ്ങള്‍ മികച്ച ഫോമിലാണ്- ഹാര്‍ദിക് പറഞ്ഞു.

ബംഗ്ലാദേശിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 50 റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്. അപരാജിത ഫിഫ്റ്റിയും ഒരു വിക്കറ്റും പിഴുത ഹാര്‍ദിക്കാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.